കുവൈത്തില്‍ കോവിഡ് ബാധിതരിൽ ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ വര്‍ധനവ്
Wednesday, April 8, 2020 10:02 PM IST
കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ത്യക്കാര്‍ക്കിടയില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്നു കുവൈത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട 112 കേസില്‍ 79 പേരും ഇന്ത്യക്കാരാണ്. ഇതോടെ കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 442 ആയി. 77 ഇന്ത്യക്കാർ, ഒരു കുവൈത്തി, അഞ്ച് പാകിസ്ഥാനികൾ, എട്ട് ബംഗ്ലാദേശികൾ, ഒമ്പത് ഈജിപ്തുകാർ, ഒരു ജോർഡൻ പൗരൻ, ഒരു ഫിലിപ്പീൻസ് പൗരൻ, ഒരു നേപ്പാൾ പൗരൻ, ഒരു സിറിയക്കാൻ, ഒരു ഇറാൻ പൗരൻ എന്നിവർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽനിന്നാണ് വൈറസ് പകർന്നത്.

ഫ്രാൻസിൽനിന്നു വന്ന കുവൈത്തിക്കും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത്‌ രോഗ ബാധയേറ്റവരുടെ എണ്ണം 855 ആയിരിക്കുകയാണ്. 6 പേർ ഇന്നു രോഗ വിമുക്തി നേടി. ഇതോടെ ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 111 ആയി .743 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.21 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് . ഇവരിൽ ഏഴ് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ