കോവിഡ് ബാധിച്ച വിദേശികളെ നാടുകടത്തുന്നതിന് നിയമപരമായ തടസങ്ങളെന്ന് ഭരണഘടനാ വിദഗ്ധൻ
Wednesday, April 8, 2020 10:08 PM IST
കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധിച്ച വിദേശികളെ നാടുകടത്തുന്നതിന് നിയമപരമായ ഒട്ടേറെ തടസങ്ങളുണ്ടെന്ന് ഭരണഘടനാ വിദഗ്ധൻ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് ബാധിതരാണെന്ന് കണ്ടെത്തിയ ഉടൻ തന്നെ വിദേശികളെ നാടുകടത്തുന്നത് ഭരണഘടനാപരവും നിയമപരവുമായ തടസങ്ങളുണ്ട്. കൂടാതെ മാനുഷികമായ വശം കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു നടപടി സ്വീകരിക്കാൻ പ്രയാസമാണെന്ന് പാർലമെന്‍ററി വൃത്തങ്ങൾ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

സാമൂഹ്യ വ്യാപനത്തെ തുടര്‍ന്നു വിദേശികള്‍ക്കിടയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനെ തുടര്‍ന്നു അണുബാധിതരായ വിദേശികളെ നാടുകടത്തുവാന്‍ അനുവദിക്കുന്ന നിര്‍ദ്ദേശം എംപിമാർ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ ഇരിക്കെയാണ് ഭരണഘടനാ വിദഗ്ദ്ധൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇത്തരം വിഷയങ്ങളിൽ പാർലമെന്‍റ് നിർദേശങ്ങൾ കൊണ്ടുവരുന്നത് ന്യായമല്ലെന്ന് ഭരണഘടനാ വിദഗ്ധനായ ഡോ.മുഹമ്മദ് അൽ ഫെയ്‌ലി ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: സലിം കോട്ടയിൽ