സഫ് വാന്‍റെ മൃതദേഹം സംസ്കരിച്ചു
Thursday, April 9, 2020 5:19 PM IST
റിയാദ്: കോവിഡ് ബാധയെ തുടർന്നു റിയാദിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം ചെമ്മാട് സ്വദേശി സഫ് വാന്‍റെ മൃതദേഹം ബുധനാഴ്ച മഖ്ബറത്തുശിമാലിൽ മറവു ചെയ്തു. വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നതിനാൽ ആരെയും പങ്കെടുപ്പിക്കാതെയാണ് മരണാന്തര ചടങ്ങുകൾ നടന്നതെന്ന് സാമൂഹ്യ പ്രവർത്തകനും കെ എം സി സി വെൽഫെയർ വിഭാഗം കൺവീനറുമായ സിദ്ദീഖ് തുവൂർ പറഞ്ഞു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സിദ്ദീഖിനെയും ഇതിനനുവദിച്ചത്. റിയാദിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല.

ഒരു മാസം മുന്പു മാത്രം റിയാദിൽ സന്ദർശക വീസയിലെത്തിയ സഫ് വാന്‍റെ ഭാര്യ ഖമറുന്നിസ റിയാദിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അവരുടെ കൂടെ താമസിച്ചിരുന്ന കോട്ടക്കൽ സ്വദേശി അബൂബക്കറും ഭാര്യയും കുട്ടിയും ഐസൊലേഷൻ വാർഡുകളിലാണ്. ഇവർക്കാർക്കും രോഗലക്ഷണങ്ങളില്ല.

സഫ് വാൻ റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി മരണത്തിനു കീഴടങ്ങി. ഹൃദയസ്തംഭനമാണ് സഫ് വാന്‍റെ മരണകാരണം എന്നാണ് അറിയുന്നത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ