ഇന്ത്യക്കാരെ നാട്ടിലെത്തിക്കാത്തതിൽ ശക്തമായ പ്രതിഷേധവുമായി കുവൈത്ത് കെഎംസിസി
Thursday, April 9, 2020 10:33 PM IST
കുവൈത്ത് സിറ്റി: കുവൈത്തിൽ കൂടുതൽ ഇന്ത്യക്കാർക്ക് കോവിഡ് പടരുന്ന പശ്ചാത്തലത്തിലും കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താനാഗ്രഹിക്കുന്ന ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാത്തതിൽ ശക്തമായ പ്രതിഷേധവുമായി കുവൈത്ത് കെഎംസിസി പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത്.

കുവൈത്ത് സർക്കാർ സൗജന്യ വിമാന ടിക്കറ്റ് നൽകാൻ തയാറായിട്ടും ഇന്ത്യ ഗവൺമെന്റ് വിമാനമിറങ്ങാൻ അനുമതി നൽകാത്തത് ഇന്ത്യൻ ജനതയോടെ ചെയ്യുന്ന കടുത്ത അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്തുത വിവരം ധരിപ്പിച്ച് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് നേരത്തെ ഇമെയിൽ സന്ദേശം അയച്ചിരുന്നതായും കണ്ണേത്ത് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ സമൂഹം കുവൈത്തിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും കോവിഡ് 19 ന് മാത്രമല്ല മറ്റ് രോഗങ്ങൾക്കും ആവശ്യമായ വൈദ്യചികിത്സ ലഭിക്കാൻ പല ഇന്ത്യക്കാരും പാടുപെടുകയാണെന്നും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടലുണ്ടാകണമെന്നും പ്രതിപാദിച്ച് വിശദമായി നേരിട്ട് ഫോണിൽ ബന്ധപെട്ടതായും വീണ്ടും ഇന്ത്യൻ അംബാസഡർക്ക് ഇമെയിൽ അയച്ചതായും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്:സലിം കോട്ടയിൽ