ആഭ്യന്തര സർവീസുകൾക്കുശേഷമേ അന്താരാഷ്ട്ര സർവീസുകൾ പരിഗണിക്കൂ: ഒമാൻ ഗതാഗത മന്ത്രി
Thursday, May 21, 2020 8:21 PM IST
മസ്കറ്റ്: സലാലയിലേക്കുൾപ്പെടെയുള്ള ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചതിനു ശേഷം മാത്രമേ മസ്കറ്റിൽ നിന്നും ഷെഡ്യൂൾ പ്രകാരമുള്ള അന്താരാഷ്ട്ര സർവീസുകൾ തുടങ്ങുകയുള്ളുവെന്ന് കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട് രൂപീകൃതമായ ഉന്നതാധികാര സമിതിയായ സുപ്രീം കമ്മറ്റി നടത്തിയ പത്ര സമ്മേളനത്തിൽ ഒമാൻ ഗതാഗത മന്ത്രി അറിയിച്ചു.

ക്വാറന്‍റൈൻ ലംഘിക്കുന്നവർക്കുള്ള പിഴ 200 ഒമാനി റിയാലും (ഏകദേശം 38000 രൂപ) മുഖാവരണം ധരിക്കാത്തവരിൽ നിന്നും 20 റിയാലും പിഴ ഈടാക്കും. കുടുംബാംഗങ്ങൾ അല്ലാത്തവരുമായി അഞ്ചിലധികം പേരുടെ കൂടിച്ചേരലുകൾ, വിവാഹം തുടങ്ങിയ ചടങ്ങുകളിൽ സംബന്ധിക്കുന്നവർ തുടങ്ങിയവർക്ക് 100 റിയാൽ പിഴ അടക്കേണ്ടി വരും.

ജനങ്ങളോട് കോവിഡ് രോഗികളുടെ ചികിൽസക്കായി പ്ലാസ്മ ദാനം ചെയ്യാൻ ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യത്തിൽ കർഫ്യൂ ഏർപ്പെടുത്തേണ്ടെന്നാണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം.

മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ സ്‌കൂളുകളുടെ നിലവിലെ വേനൽ അവധി പുനഃക്രമീകരിച്ചുകൊണ്ട് ഇന്ത്യൻ സ്‌കൂൾ ബോർഡ്‌ പത്രകുറിപ്പിറക്കി. ഇതു പ്രകാരം നിലവിൽ നടന്നുവരുന്ന ഓൺലൈൻ ക്ലാസുകൾ ഈദ്‌ അവധി ദിനങ്ങൾ ഒഴിച്ചുള്ള ദിനങ്ങളിൽ മുടക്കമില്ലാതെ തുടരും. ലോക്ക്ഡൗൺ കാലം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ബോർഡ് ലക്ഷ്യം വയ്ക്കുന്നത്. ഡിസംബറിൽ ഒരു മാസത്തെ അവധി നൽകാനും തീരുമാനമായി.

ഈദ് പ്രമാണിച്ച് ഭരണാധികാരി ഹിസ് മജസ്റ്റി സുൽത്താൻ ഹയിത്തം ബിൻ താരിഖ് 797 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവായി.ഇതിൽ വിദേശികളും സദേശികളും ഉൾപ്പെടുന്നു.

വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ഇന്നലെ കോഴിക്കോട്ടേക്കും ഡൽഹിയിലേക്കും എയർ ഇന്ത്യ സർവീസ് നടത്തി.

വ്യാഴാഴ്ച ഒമാനിൽ ആരോഗ്യ മന്ത്രാലയം 327 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 222 പേർ വിദേശികളാണ്. മരണ നിരക്ക് 30 ഉം ആണ്.

റിപ്പോർട്ട്: സേവ്യർ കാവാലം