സൗദിയിൽ മരണനിരക്ക് കൂടുന്നു; കോവിഡ് ബാധിതർ എഴുപതിനായിരം കടന്നു
Saturday, May 23, 2020 9:17 PM IST
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 15 ആണ്. ഇതുവരെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 379 ആയി. രോഗബാധിതരുടെ എണ്ണം 70161 ആയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇതിൽ പകുതിയിലേറെയും രോഗമുക്തരാണ്. 2233 പേർക്ക് കൂടി രോഗം ഭേദമായതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 41236 ആയത് ആശ്വാസം നൽകുന്നു.

മക്ക, റിയാദ്, ദമാം, ബിഷ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ ചികിത്സയിലുള്ള 28546 പേരിൽ 339 പേരുടെ നില ഗുരുതരമാണ്. പുതിയ രോഗബാധിതരിൽ 35 ശതമാനം സ്വദേശികളാണ്. ഇതുവരെ രാജ്യത്ത് 684615 കോവിഡ് ടെസ്റ്റുകൾ നടത്തി.

പുതിയ രോഗികൾ, റിയാദ് 794, മക്ക 466, ജിദ്ദ 444, മദീന 273, ദമാം 79, ജുബൈൽ 77, ഹായിൽ 45, തായിഫ് 31, ഹൊഫൂഫ് 28, ദഹ്റാൻ 23, ഖത്തീഫ് 22, ഖോബാർ 21, ബുറൈദ 21, യാമ്പു 20, ഖുലൈസ് 15, തബൂക് 9, ബേഷ് 8, നാരിയ 6, അൽഖർജ് 6, ഹോത്ത ബനി തമീം 4, വാദി ദവാസിർ 4, അൽ ജഫർ 3, അബഹ 3 എന്നിങ്ങനെയാണ്.

ശനിയാഴ്ച മുതൽ അഞ്ച് ദിവസത്തെ ഈദ് അവധിക്കാലം സൗദി അറേബ്യയിൽ 24 മണിക്കൂർ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. പള്ളികളിൽ നിന്നും തക്ബീർ മുഴക്കാനും മറ്റും അനുമതി ഉണ്ടെങ്കിലും ഈദ് നമസ്കാരം വീടുകളിൽ തന്നെ നടത്താനാണ് ഗ്രാൻഡ് മുഫ്ത്തി അറിയിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ