കര്‍ഫ്യൂ എക്സിറ്റ് പെര്‍മിറ്റുകള്‍ റദ്ദാക്കി
Sunday, May 24, 2020 5:52 PM IST
കുവൈറ്റ് സിറ്റി :ആഭ്യന്തര വകുപ്പ് നേരത്തെ നല്കിയ നിരവധി എക്സിറ്റ് പെര്‍മിറ്റുകള്‍ റദ്ദാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു . ആരോഗ്യ മന്ത്രാലയത്തിലെ ഡെവലപ്പ്‌മെന്‍റ് ആന്‍ഡ് ക്വാളിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന 80 ശതമാനം ജീവനക്കാരുടെ എക്‌സിറ്റ് പെര്‍മിറ്റുകളാണ് റദ്ദാക്കിയതെന്ന് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഖഷ്തി പറഞ്ഞു.

പല ജീവനക്കാരും അനാവശ്യമായി പാസുകള്‍ ഉപയോഗിക്കുന്നത് ആഭ്യന്തര വകുപ്പിന്‍റെ ശ്രദ്ധയില്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി. എമര്‍ജന്‍സി വിഭാഗമൊഴിച്ചുള്ള ജീവനക്കാര്‍ ഓണ്‍ലൈനായാണ് ജോലി ചെയ്യുന്നത്. അതിനിടെ കർഫ്യൂ സമയങ്ങളിൽ എക്സിറ്റ് പെർമിറ്റായി വർക്ക് ഐഡികൾ പരിഗണിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കര്‍ഫ്യൂ സമയങ്ങളില്‍ പുറത്തേക്ക് പോകാന്‍ ഇലക്ട്രോണിക് എക്‌സിറ്റ് പെര്‍മിറ്റുകള്‍ ആവശ്യമുള്ള ജീവനക്കാരുടെ പേരുകള്‍ നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ