സൗദിയിൽ കോവിഡ് ബാധിതർ കുറയുന്നു: വ്യാഴാഴ്ച16 മരണം
Friday, May 29, 2020 8:13 AM IST
റിയാദ്: കോവിഡ് ബാധിതരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞു വരുന്ന സൗദിയിൽ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത് 1644 പേർക്ക് മാത്രം. 24 മണിക്കൂറിനുള്ളിൽ 16 പേർ മരിച്ചു. മക്ക (5), ജിദ്ദ (4), റിയാദ് (2), മദീന (2), ദമാം (1), അൽകോബാർ (1), ഹായിൽ (1) എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. ഇതോടെ രാജ്യത്തെ മരണം 441 ആയി. 24 മണിക്കൂറിനിടയിൽ 3531 പേർക്ക് രോഗമുക്തി നേടാനായി.

സൗദിയിൽ ആകെ 7,70,696 കോവിഡ് ടെസ്റ്റുകൾ നടന്നു. 39 ദിവസമായി തുടരുന്ന കോവിഡ് ടെസ്റ്റ് വീടുകളിലും ക്യാമ്പുകളിലും ഫലപ്രദമായി നടന്നു വരുന്നു. ആകെ കോവിഡ് രോഗികളുടെ എണ്ണം 80185 ആയി. ഇതിൽ 54553 പേർക്ക് ഇതുവരെ രോഗമുക്തിയായി.

പുതിയ രോഗികൾ റിയാദ് 611, ജിദ്ദ 360, മക്ക 148, ദമാം 101, ഹൊഫൂഫ് 91, മദീന 50, അൽകോബാർ 46, ദഹ്റാൻ 25, തായിഫ് 22, ഹായിൽ 20, അൽ മബ്രാസ് 17, ജുബൈൽ 17, തബൂക് 16, ഖുലൈസ് 15, ഖതീഫ് 13, അബ്ഖൈഖ് 13, നജ്റാൻ 5, ബുറൈദ 4 എന്നിങ്ങനെയാണ് .

വ്യാഴാഴ്ച മുതൽ ഘട്ടം ഘട്ടമായി കർഫ്യു വ്യവസ്ഥകൾ എടുത്തു കളയാൻ തീരുമാനിച്ചിരിക്കുകയാണ് സൗദി അറേബ്യയിൽ. അടുത്ത ഞായറാഴ്ച മുതൽ കടുത്ത നിബന്ധനകളോടെ പള്ളികൾ ആരാധനക്കായി തുറന്നു കൊടുക്കും.

കോവിഡ് പ്രതിസന്ധിയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയ ശേഷം ഈദ് അവധിക്കാലത്ത് നടത്തിയ ഓപ്പറേഷനിലൂടെ അഞ്ച് ദിവസം കൊണ്ട് 60,000 ഉംറ തീർഥാടകരെ തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചെത്തിച്ചതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. പ്രത്യേക വിമാന സർവ്വീസിലൂടെ വിവിധ രാജ്യങ്ങളിലേക്ക് ഇതോടെ 4,50,000 ഉംറ തീർഥാടകരെ തിരിച്ചെത്തിക്കാനായതായി മന്ത്രാലയം പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ