യു എ ഇയിലേക്ക് തിരിച്ചെത്താൻ ആദ്യം വേണ്ടത് ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രാലയാനുമതി
Monday, June 1, 2020 3:55 PM IST
അബുദാബി : യു എ ഇ റസിഡന്റ് വിസയുള്ളവർക്ക് മടങ്ങി വരവിന് അംഗീകാരമായി. ഇതനുസരിച്ച് ലോക്ക് ഡൗൺ കാലയളവിൽ യു എ ഇ ക്കു പുറത്തുകുടുങ്ങിപ്പോയ റെസിഡന്റ് വിസയുള്ള എല്ലാവർക്കും ജൂൺ ഒന്ന് മുതൽ മടങ്ങിവരാനാകുമെന്ന് അധികൃതർ വ്യക്തമാക്കി .

യു എ ഇ യിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ( ഐ സി എ ) മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്തു മുൻ‌കൂർ അനുമതി നേടിയിരിക്കണം . അനുമതി നേടിക്കഴിഞ്ഞ ശേഷം മാത്രമേ വിമാനടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്ന് അതോറിറ്റിയുടെ നിർദ്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കോവിഡ് മൂലം രാജ്യത്തിനകത്തേക്കുള്ള വിമാനയാത്രികരെ നിരോധിച്ചിരുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് ആൾക്കാർ യു എ ഇ യിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ . അപേക്ഷകരുടെ എണ്ണം കൂടുമ്പോൾ അനുമതിക്കുള്ള സൂക്ഷമപരിശോധനക്ക് കൂടുതൽ സമയം വേണ്ടതിനാൽ വെബ്സൈറ്റിൽ അപേക്ഷിച്ചവർ അനുമതി രേഖാമൂലം വരുന്നതുവരെ കാത്തിരിക്കണം . അനുമതി ലഭിച്ചു കഴിഞ്ഞാൽ വിമാനയാത്രക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കാം .

ഐ സി എ യുടെ സൈറ്റിൽ ആദ്യം നിങ്ങളുടെ ഇമെയിൽ വിലാസം അയച്ചുകൊടുക്കണം .അപ്പോൾ ലഭിക്കുന്ന ലിങ്കിൽ പ്രവേശിച്ച് ബാക്കിയുള്ള വിവരങ്ങൾ പൂരിപ്പിച്ച് നൽകണം . പാസ്പോര്ട്ട് സൈസ് ഫോട്ടോ ,പാസ്പോര്ട്ട് ,വിസ കോപ്പി ,എന്തുകൊണ്ട് പുറത്തേക്കു യാത്ര ചെയ്തു എന്ന് കാണിക്കുന്നതിന് കമ്പനിയുടെയോ , വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ , ചികിത്സക്കെങ്കിൽ ആശുപത്രിയുടെയോ സാക്ഷ്യപത്രം , വിനോദ സഞ്ചാരത്തിന് പോയവർ വിമാന ടിക്കറ്റുകളുടെ കോപ്പിയോ സമർപ്പിക്കണം . ഇതിനു പ്രത്യേക ഫീസ് ഈടാക്കുന്നതല്ല എന്നും അറിയിച്ചിട്ടുണ്ട് .

റിപ്പോർട്ട് : അനിൽ സി ഇടിക്കുള