അഷീർ ഖാന്‍റെ ഖബറിടം കണ്ടെത്തി പ്രാർഥന നടത്തി കുവൈത്ത് കെഎംസിസി
Saturday, June 6, 2020 12:18 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം വർക്കല എടവവെട്ടൂർ റാത്തിക്കൽ സ്വദേശി അഷീർ ഖാൻ താജുദ്ദീന്റെ (45) ഖബറിടം കണ്ടെത്തി കുവൈത്ത് കെഎംസിസി. ഹെൽപ്പ് ഡെസ്ക്ക് ജനറൽ കൺവീനർ അജ്മൽ വേങ്ങരയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശ്രമമാണ് അഷിറിന്റെ കബറിടം കണ്ടെത്താൻ വഴി തെളിച്ചത്. ഈ മാസം രണ്ടിനു ഫഹാഹീലിലെ താമസ സ്ഥലത്ത്‌ വെച്ച്‌ നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ അദാൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ അഡ്മിറ്റായതിന്റെ അടിസ്ഥാനത്തിൽ സുഹൃത്തുക്കൾ മുറിയിലേക്ക്‌ തിരിച്ച്‌ പോകുകയും ചെയ്തിരുന്നു.

പിന്നീട്‌ യാതൊരു വിവരങ്ങളും ലഭിക്കാത്തതിനാൽ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തി അന്വേഷിച്ചപ്പോഴാണു അഡ്മിറ്റ്‌ ചെയ്ത അന്ന് തന്നെ മരണപ്പെട്ടതായും കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഉടൻ മയ്യിത്ത് കുവൈത്തില്‍ ഖബറടക്കിയതായും ആശുപത്രി അധികൃതർ പറഞ്ഞത് എന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കെ.എം.സി.സി പ്രവർത്തക സമിതിയംഗങ്ങളായ അജ്മൽ വേങ്ങരയും ഷാഫി കൊല്ലവും എംബസ്സി വളണ്ടിയറും നിലമ്പൂർ മണ്ഡല പ്രസിഡന്റുമായ സലീം നിലമ്പൂരും അന്വേഷണവുമായി അദാൻ ഹോസ്പിറ്റലിൽ എത്തി . ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടെങ്കിലും തുടർന്നുള്ള ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും തുടർന്ന് പെട്ടെന്ന് മറവുചെയ്യുകയായിരുന്നെന്നും അധികൃതർ അറിയിച്ചു.

ആഷിറിന്റെ ഖബർ തേടി ഈ മൂവർ സംഘം ആദ്യം അദാൻ ആശുപത്രിയുടെ തൊട്ടടുത്തുള്ള സബ്ഹാൻ ഖബർസ്ഥാനിൽ എത്തിയെങ്കിലും അവിടെ മറവു ചെയ്തതായി രേഖകളിൽ കണ്ടെത്താനാവാത്തതിനാൽ പിന്നീട് കുവൈത്തിലെ ഏറ്റവും വലിയ ഖബർസ്ഥാനായ സുലൈബിക്കാത്ത് ശ്മശാനത്തിലെത്തുകയും ശേഷം അവിടുത്തെ ഉന്നത ഉദ്യോഗസ്ഥനുമായി ചർച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കെ.എം.സി.സി. ഹെൽപ്പ് ഡസ്ക്ക് സംഘത്തിനു അധികൃതർ ഖബറിടം കാണിച്ചു കൊടുത്തു. അവർ അഷിറിനു വേണ്ടി മയ്യിത്ത് നിസ്ക്കാരം നടത്തുകയും വീഡിയോകോൾ വഴി ആഷിറിന്റെ കുടുംബാംഗങ്ങൾക്ക് ഖബർ കാണിച്ചു കൊടുക്കുകയും ചെയ്തു. ഹെല്പ് ഡെസ്ക് ചെയർമാൻ സുബൈർ പാറക്കടവ് പ്രവർത്തനങ്ങൾ എകോപിച്ചു. ആഷിറിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ കൂടെ വന്നവർ അവരുടെ വിവരങ്ങൾ ഹോസ്പിറ്റൽ അധികൃതർക്ക് കൈമാറാൻ വിട്ടുപോയതിനാലാണ് മരണവിവരം അറിയിക്കാൻ ആശുപത്രി അധികൃതർക്ക് സാധിക്കാതെ പോയത്. സാധാരണ ഗതിയിൽ ബന്ധപ്പെട്ടവരെ അറിയിച്ച ശേഷമേ ഖബറടക്കം നടക്കാറുള്ളൂ. കൊവിഡ് മൂലം മരണങ്ങൾ പെട്ടെന്ന് സംസ്കരിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ അഷിറിന്റെ കാര്യത്തിൽ കൃത്യമായി പാലിക്കപ്പെട്ടതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം.

റിപ്പോർട്ട് : സലിം കോട്ടയിൽ