ആഘോഷങ്ങളില്ലാതെ രാഹുലിന് ഇന്ന് 50
Thursday, June 18, 2020 9:13 PM IST
ന്യൂഡല്‍ഹി: ആഘോഷങ്ങില്ലാതെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജൂൺ 19നു സുവര്‍ണ ജൂബിലി പിറന്നാള്‍. ലഡാക്ക് അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരോടും കോവിഡിലും ലോക്ക്ഡൗണിലും ജീവന്‍ പൊലിഞ്ഞവരോടുമുള്ള ആദരസൂചകമായി 51-ാം പിറന്നാള്‍ ദിനമായ വെള്ളിയാഴ്ച ആഘോഷങ്ങള്‍ പാടില്ലെന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി.

രാഹുല്‍ ഗാന്ധിക്ക് 50 വയസു തികയുന്ന വെള്ളിയാഴ്ച ആഘോഷങ്ങള്‍ക്കു പകരമായി കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നിര്‍ദേശിച്ചു. കേക്ക് മുറിക്കല്‍, മുദ്രാവാക്യം വിളിക്കല്‍, ബാനര്‍ ഉയര്‍ത്തല്‍ എന്നിവ അടക്കമുള്ളവ ഉപേക്ഷിക്കണെന്ന് അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകോട് ആവശ്യപ്പെട്ടു.

വീരജവാന്മാര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതോടൊപ്പം പാവങ്ങള്‍ക്കു ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുക, കമ്യൂണിറ്റി കിച്ചണുകള്‍ സംഘടിപ്പിച്ച് ആവശ്യക്കാര്‍ക്കു ഭക്ഷണം നല്‍കുക തുടങ്ങിയവ സംഘടിപ്പിക്കാവുന്നതാണെന്നും എഐസിസി അറിയിച്ചു.

ചൈന അതിര്‍ത്തിയില്‍ വീരമ്യൂത്യു വരിച്ച ധീരസൈനികര്‍ക്ക് ആദരാജ്ഞലിയര്‍പ്പിക്കാന്‍ പിസിസികളിലും ഡിസിസികളിലും ഇന്ന് മൗനപ്രാര്‍ഥന സംഘടിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചു.

ഇതിനിടെ, 50 വയസ് തികഞ്ഞ രാഹുല്‍ ഗാന്ധിയുടെ പിറന്നാളിനു മുന്നോടിയായി ദീപിക ഇന്നലെ പ്രസിദ്ധീകരിച്ച പ്രത്യേക ലേഖനത്തില്‍ രാഹുലിന്‍റെ ഓഫീസ് നന്ദിയും സന്തോഷവും അറിയിച്ചു. രാഹുലിന് ലഭിച്ച ഏറ്റവും നല്ല പിറന്നാള്‍ സമ്മാനമാണ് ദീപികയില്‍ അദ്ദേഹത്തിന്‍റെ വിവിധ വശങ്ങള്‍ വ്യക്തമാക്കി പ്രസിദ്ധീകരിച്ച ലേഖനമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാര്‍ എന്നിവരടക്കമുള്ളവര്‍ അറിയിച്ചു.