കല കുവൈറ്റിന്‍റെ നാലാം ചാർട്ടേഡ് വിമാനം കൊച്ചിയിലേക്ക്‌
Saturday, June 27, 2020 9:09 PM IST
കുവൈറ്റ് സിറ്റി: കോവിഡിന്‍റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ നാലാം ചാർട്ടേഡ് വിമാനം ജൂൺ 30ന് കൊച്ചിയിലേക്ക്‌ സർവീസ് നടത്തും.

സംസ്ഥാന സർക്കാർ നിഷ്കർഷിച്ച മുൻഗണനാക്രമം പാലിച്ചുകൊണ്ട്‌ രണ്ടാം ഘട്ട രജിസ്ട്രേഷനിൽ നിന്നും തിരഞ്ഞെടുത്ത യാത്രികരെയാണ് പരിഗണിക്കുന്നത്. ഇതിൽ ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ, രോഗികൾ, തുടർപഠനത്തിനു പോകേണ്ട വിദ്യാർഥികൾ എന്നീ വിഭാഗത്തിൽപ്പെട്ടവരെയാണ് നാലാം ഘട്ടത്തിലും ഉൾപ്പെടുത്തിയിട്ടുള്ളത്.

ആദ്യ മൂന്നു ഘട്ടങ്ങളിലായി 986 പേർ നാട്ടിലേക്ക് പോയിട്ടുണ്ട്‌. കുവൈറ്റ് എയർവേസിന്‍റേയും ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെയാണ് കല കുവൈറ്റ് ചാർട്ടേഡ് വിമാനം ഏർപ്പാട് ചെയ്യുന്നത്. നിരവധിയാളുകളാണ് രാജ്യാന്തര വിമാന സർവീസുകൾ മുടങ്ങിയതിന്‍റെ ഭാഗമായി കുവൈറ്റിൽ കുടുങ്ങിയിരിക്കുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ നിസംഗത പുലർത്തുന്ന ഇന്ത്യാ ഗവൺമെന്‍റ് നയം മൂലം നിരവധിയാളുകൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്രവാസി സമൂഹത്തിനു ഗുണകരമാകുന്ന ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ