വന്ദേഭാരത് മിഷൻ നാലാം ഘട്ടം: കുവൈറ്റിനെ ഒഴിവാക്കിയതിൽ കല കുവൈറ്റ് പ്രതിഷേധിച്ചു
Sunday, June 28, 2020 3:40 PM IST
കുവൈറ്റ് സിറ്റി: കൊവിഡ്-19 വ്യാപനത്തെത്തുടര്‍ന്നുള്ള രാജ്യാന്തര വ്യോമനിയന്ത്രണങ്ങളുടെ ഭാഗമായി വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുവൻ വന്ദേഭാരത് മിഷന് കഴിയുന്നില്ല. വിവിധ കാരണങ്ങളാൽ നാട്ടിൽ തിരികെയെത്താനാഗ്രഹിക്കുന്ന നിരവധിയാളുകളാണ് മൂന്ന് ഘട്ടങ്ങൾക്ക് ശേഷവും വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്ന് പ്രഖ്യാപിച്ച വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ കേന്ദ്ര സർക്കാർ കുവൈറ്റിനെ ഒഴിവാക്കിയതിൽ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധിച്ചു.

നാലാം ഘട്ടത്തിൽ മറ്റ് ഗൾഫ് രാജ്യങ്ങളെ വലിയ രീതിയിൽ പരിഗണിച്ചപ്പോൾ ലക്ഷകണക്കിന് ഇന്ത്യക്കാർ അധിവസിക്കുന്ന കുവൈറ്റിനെ പാടെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ആദ്യ മൂന്ന് ഘട്ടത്തിലും വളരെ കുറച്ചു സർവീസ് മാത്രമാണ് കുവൈറ്റിൽ നിന്നും ഉണ്ടായിരുന്നത്. ഇത് പര്യാപ്‌തമല്ലാത്ത സാഹചര്യത്തിൽ കുവൈറ്റിലെ വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകൾ ചാർട്ടർ ചെയ്ത വിമാന സർവീസുകളാണ് നാട്ടിലേക്കെത്തുന്നതിന് പ്രവാസികൾക്ക് ആശ്വാസമായത്. രോഗബാധിതർ, വിദ്യാർത്ഥികൾ, തൊഴിൽ നഷ്ടപ്പെട്ടവർ തുടങ്ങി നിരവധിയാളുകളാണ് വിവിധ കാരണങ്ങളാൽ ഇനിയും കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്നത്.

നാലാം ഘട്ടത്തിൽ കുവൈറ്റിനെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര സർക്കാർ നടപടിയിൽ കടുത്ത പ്രധിഷേധം രേഖപ്പെടുത്തുന്നു. കേന്ദ്ര സർക്കാർ കുവൈറ്റിലെ പ്രവാസികളോട് കാണിക്കുന്ന പ്രവാസി വിരുദ്ധ നിലപാടിൽ പ്രതിഷേധിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി കെ നൗഷാദ് എന്നിവർ പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ