മെഡിക്കൽ ഓക്സിജൻ ഘടിപ്പിച്ച ആദ്യത്തെ ഫയർ ട്രക്ക് "അബുദാബി സിവിൽ ഡിഫന്‍സ്" പുറത്തിറക്കി
Monday, June 29, 2020 2:16 PM IST
അബുദബി :മെഡിക്കൽ ഓക്സിജൻ ഘടിപ്പിച്ച ആദ്യത്തെ അഗ്നിശമന വാഹനം അബുദബി സിവിൽ ഡിഫന്‍സ് പുറത്തിറക്കി. ആംബുലൻസുകളിൽ ലഭ്യമാകുന്നതിന് സമാനമായ ഓക്സിജന്‍ സിലിണ്ടറുകളും, വിവിധ കൺട്രോൾ പോർട്ടുകള്‍ വഴി ഒരേ സമയം 5 അഗ്നിശമന സേനാംഗങ്ങൾക്ക് ഓക്സിജൻ നൽകുന്നതിനും പര്യാപ്തമാണ് ഈ പുതിയ വാഹനങ്ങള്‍.

തീ അണയ്‌ക്കുന്ന സമയത്ത് പുക ശ്വസിക്കുന്ന അഗ്നിശമന സേനാംഗങ്ങൾക്ക് എത്രയും വേഗം സാധാരണ നിലയില്‍ ശ്വാസം വീണ്ടെടുക്കുവാന്‍ സഹായിക്കുന്നതിനോടൊപ്പം അവർക്ക് കര്‍ത്തവ്യ നിര്‍വഹണത്തില്‍ കൂടുതല്‍ പിന്തുണയും സംരക്ഷണവും നൽകുവാനും ഇത്തരം പുതിയ വാഹനങ്ങള്‍ വഴി സാധ്യമാകും. ഇത് അവരുടെ ഉൽ‌പാദനക്ഷമത വർദ്ധിപ്പിക്കുകയും ചുമതലകൾ നിർവഹിക്കുമ്പോൾ അവരുടെ പ്രകടന ശേഷി മെച്ചപ്പെടുത്തുകയും ചെയ്യും.

അബുദാബി പൊലീസിലെ അടിയന്തര, പൊതുസുരക്ഷാ ഡയറക്ടറേറ്റുമായി സഹകരിച്ച് പ്രതിരോധം, സുരക്ഷ, അഗ്നിശമനം എന്നീ മേഖലകളിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളും പ്രയോഗങ്ങളും അനുസരിച്ചാണ് ഈ വാഹനം നിര്‍മിച്ചിട്ടുള്ളത് എന്ന് സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് ഇബ്രാഹിം അൽ അമ്രി പറഞ്ഞു.

പ്രയാസമേറിയ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന അഗ്നിശമന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശ്വാസതടസ്സം പോലെയുള്ള അസുഖങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനും വേണ്ടി പബ്ലിക് അഡ്മിനിസ്ട്രേഷൻ എടുക്കുന്ന
സ്മാര്‍ട്ട്‌ നടപടികളുടെ ഭാഗമായാണ് ഇത്തരം വാഹനങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോർട്ട് : അനില്‍ സി ഇടിക്കുള