കാരുണ്യ ചിറകിലേറി 185 പ്രവാസികൾ കേരളത്തിലെത്തി
Saturday, July 4, 2020 2:41 PM IST
ദുബായ് : ആ പ്രവാസികളുടെ മൗനനൊമ്പരങ്ങൾക്ക് ആശ്വാസമായി . ജോലി നഷ്ടപ്പെട്ടിട്ടു മാസങ്ങളായവർ , ചികിത്സക്ക് പണമില്ലാതെ വിഷമിച്ചവർ ,ഉണ്ണാനും ഉറങ്ങാനും മറ്റുള്ളവരെ ആശ്രയിച്ച് നൊമ്പരം ഉള്ളിലൊതുക്കി കഴിഞ്ഞവർ .അവരുടെ നൊമ്പരങ്ങൾ കണ്ടും കേട്ടുമറിഞ്ഞ ഒരു പ്രവാസി വ്യവസായി സ്വന്തം ചിലവിൽ ചാർട്ടർ വിമാനവുമായി എത്തി. അങ്ങനെ 185 പ്രവാസികൾ കൂടണഞ്ഞു. കോഴഞ്ചേരിക്കാരനായ ജിജി വർഗീസ് എന്ന മനുഷ്യസ്നേഹിക്ക് അവർ ആശ്വാസം പ്രതിഫലിച്ച കണ്ണുകൾ കൊണ്ടും കൃതജ്ഞത നിറഞ്ഞ ഹൃദയം കൊണ്ടും നന്ദി പറഞ്ഞു .

പ്രവാസികളുടെ യാത്രാക്ലേശങ്ങൾ അറിഞ്ഞപ്പോൾ ജെ ആൻഡ് ജെ മാർക്കറ്റിങ് എന്ന വമ്പൻ സ്ഥാപനത്തിന്റെ ഉടമയായ ജിജി വര്ഗീസ് എടുത്ത തീരുമാനമാണ് സ്വന്തം ചിലവിൽ ഒരു വിമാനം നിറയെ ആളുകളെ സൗജന്യമായി നാട്ടിലെത്തിക്കുക എന്നത്. ഇന്നലെ ദുബായിൽ നിന്നും കൊച്ചിയിലേക്ക് ആ വിമാനം പറന്നപ്പോൾ ജിജിയുടെ സ്വപ്‌നമാണ് യാഥാർഥ്യമായത് .

വിമാനത്തിലെ ആദ്യ ടിക്കറ്റ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ നൽകിയത് ആതിര നാരായണൻ എന്ന യുവതിക്കായിരുന്നു .കഴിഞ്ഞ മൂന്ന് മാസം മുൻപ് ജോലി നഷ്ടമായതിനാൽ വരുമാനം കണ്ടെത്താനാവാതെ വിഷമിച്ച പ്രവാസിയാണ് ആതിര . മിനി വർഗീസ്, രഘുമേനോൻ, ദിലീപ് കുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. വിവിധ സംഘടനകളുടെ സഹായത്തോടെ ഏറ്റവും അർഹതപ്പെട്ട വ്യക്തികളെ കണ്ടെത്തിയാണ് സൗജന്യ യാത്ര നൽകിയതെന്ന് ജിജി വർഗീസ് പറഞ്ഞു. ഇരുപതോളം രാജ്യങ്ങളിൽ വ്യാപാരം നടത്തുന്ന സ്ഥാപനമാണ് ജെ ഏൻഡ് ജെ മാർക്കറ്റിങ് .

റിപ്പോർട്ട് : അനിൽ സി ഇടിക്കുള