പി‌സി‌ആർ‌ പരിശോധനാ നിരക്ക് 10 ദിനാര്‍ മുതല്‍ 20 ദിനാര്‍ വരെ; സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ല
Sunday, July 5, 2020 3:43 PM IST
കുവൈറ്റ് സിറ്റി : അന്താരാഷ്ട്ര വിമാന സർവീസ്‌ പുനരാരഭിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നിന്നും പുറപ്പെടുന്ന യാത്രക്കാര്‍ക്ക് വേണ്ടിയുള്ള പി‌സി‌ആർ‌ പരിശോധനാ നിരക്ക് 10 ദിനാറിനും 20 ദിനാറിനും ഇടയിലായിരിക്കുമെന്ന് സൂചന. കൊറോണ വൈറസ്‌ മുക്ത സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് പരിശോധനകള്‍ നടത്തുക.

ടെസ്റ്റ് ആവശ്യമുള്ളവര്‍ യാത്രക്ക് മുമ്പായി വിമാനത്താവളത്തില്‍ സജ്ജീകരിച്ച അംഗീകൃത ആരോഗ്യ ലബോറട്ടറിയില്‍ എത്തി പരിശോധന നടത്തണം. തുടര്‍ന്ന് പരിശോധനയുടെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരന്‍റെ സര്‍ട്ടിഫിക്കറ്റുകളുടെ ഉത്തരവാദിത്തം വിമാനത്താവളത്തിലെ ഗ്രൌണ്ട് സർവീസ് കമ്പനികള്‍ക്കാണ്.

രാജ്യത്ത് മടങ്ങിയെത്തുന്ന യാത്രക്കാരും അതാത് രാജ്യങ്ങളിലെ കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ആരോഗ്യ ലബോറട്ടറിയില്‍ വഴി പരിശോധന നടത്തി കോവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റ് കയ്യില്‍ വയ്ക്കേണ്ടതാണ്. കോവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കുവൈറ്റ് എംബസിയുടെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ലന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ