സൈനികരുടെ ആത്മവീര്യം രാഹുല്‍ ചോര്‍ത്തുന്നു: നഡ്ഡ
Monday, July 6, 2020 7:00 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭൂമിയിലെ ചൈനയുടെ കടന്നുകയറ്റത്തിന്‍റെ പേരില്‍ തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരിനെതിരേ ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൈന്യത്തിന്‍റെ വീര്യത്തെയാണു ചോദ്യം ചെയ്യുന്നതെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ. പാര്‍ലമെന്റിന്‍റെ പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഒരു യോഗത്തില്‍ പോലും പങ്കെടുക്കാതെയാണ് രാഹുല്‍ ആത്മവീര്യം കെടുത്തുന്നതെന്നും നഡ്ഡ ആരോപിച്ചു.

പതിനഞ്ചു ലക്ഷം സായുധ സൈനികരുടെയും 26 ലക്ഷം സൈനിക പെന്‍ഷന്‍കാരുടെയും 11,000 കോടി രൂപയുടെ ക്ഷാമബത്ത വെട്ടിക്കുറച്ച മോദി സര്‍ക്കാരിന്‍റെ നടപടിയാണോ സൈനികരുടെ ആത്മവീര്യം ചോര്‍ത്തിയതെന്ന് നഡ്ഡ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. ഇതടക്കം അക്കമിട്ടു നിരത്തിയ കോണ്‍ഗ്രസിന്‍റെ ഏഴു ചോദ്യങ്ങള്‍ക്കു മോദി ഉത്തരം പറയണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യസുരക്ഷയെ അപകടത്തിലാക്കിയതു കേന്ദ്രസര്‍ക്കാരാണെന്നും ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലെ ചൈനയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയാനാകാത്തതിനാലാണു വിലകുറഞ്ഞ ശ്രദ്ധ തിരിക്കലിനും ബിജെപിയും നഡ്ഡയും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

ഗല്‍വാന്‍ താഴ്‌വരയില്‍ നിന്നു ചൈനീസ് സേന പിന്മാറുന്നതായി ചില വാര്‍ത്താചാനലുകള്‍ നല്‍കിയ വാര്‍ത്ത ശരിയെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ മണ്ണില്‍ ആരും കയറിയിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോയെന്നു വ്യക്തമാക്കണം. മോദി സര്‍ക്കാരിന്‍റെ കാലത്ത് 2015നു ശേഷം 2,264 കടന്നാക്രമണങ്ങള്‍ ഉണ്ടായതിന് ആരാണ് ഉത്തരവാദി.?

ചൈനയുമായുളള ഇന്ത്യയുടെ അതിര്‍ത്തിക്കുളളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മോദി സര്‍ക്കാര്‍ വീഴ്ച വരുത്തിയില്ലേയെന്നും സുര്‍ജേവാല ചോദിച്ചു.
ഇന്ത്യയുടെ പ്രതിരോധ ചെലവുകള്‍ 1962നു ശേഷവും 52 വര്‍ഷത്തിനിടയിലുമുള്ള ഏറ്റവും കുറഞ്ഞുവെന്നു മുന്‍ ബിജെപി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്‍ററി എസ്റ്റിമേറ്റ്‌സ് കമ്മിറ്റി ചൂണ്ടിക്കാട്ടിയതാണോ സായുധ സൈനികരുടെ ആത്മവീര്യം ഉയര്‍ത്താന്‍ മോദി സര്‍ക്കാരിന്‍റെ സംഭാവനയെന്ന് സുര്‍ജേവാല ചോദിച്ചു.

ഇന്ത്യയിലെ യുദ്ധോപകരണങ്ങളുടെ 68 ശതമാനവും പുരാവസ്തുവായെന്ന് ജനറല്‍ ബി.സി. ഖണ്ഡൂരി അധ്യക്ഷനായ പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനു മോദി സര്‍ക്കാര്‍ ചെവി കൊടുത്തോ?- സുര്‍ജേവാല ചോദിച്ചു.

ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നു ബിജെപിയും കോണ്‍ഗ്രസും വാക്‌പോരു കടുപ്പിച്ചെങ്കിലും പ്രശ്‌നങ്ങള്‍ക്ക് ഇന്നലെയും പരിഹാരമായില്ല. തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ചു കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ രാഹുലിനെതിരേ ബിജെപി അധ്യക്ഷന്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയതോടെ രാഷ്ട്രീയപ്പോരിന് മൂര്‍ച്ഛയേറി. രാഹുലിനെ പ്രതിരോധിക്കാനും കേന്ദ്രസര്‍ക്കാരിനെതിരേ പ്രത്യാക്രമണം നടത്താനും എഐസിസി മാധ്യമ വിഭാഗം തലവന്‍ സുര്‍ജേവാലയുടെ പ്രസ്താവനകള്‍ക്കു പുറമേ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പത്രസമ്മേളനവും നടത്തി.

റിപ്പോർട്ട്: ജോര്‍ജ് കള്ളിവയലില്‍