കുവൈറ്റിൽ ലോക്ക് ഡൗണ്‍ കാലയളവിൽ ഹാജരാകാത്ത ജീവനക്കാർക്കെതിരെ പരാതികൾ സ്വീകരിക്കില്ല
Wednesday, July 8, 2020 8:20 PM IST
കുവൈറ്റ് സിറ്റി : ലോക്ക് ഡൗൺ കാലയളവിൽ ഹാജരാകാത്ത വിദേശ ജീവനക്കാർക്കെതിരെ പരാതി സ്വീകരിക്കില്ലെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻ‌പവർ (PAM) അറിയിച്ചു. സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ നിലനിര്‍ത്തുന്നതിനും തൊഴിലുടമകളില്‍ നിന്നും സംരക്ഷിക്കുന്നതിനുമാണ് പുതിയ നിലപാടെന്ന് കരുതുന്നു.

നേരത്തെ ഏഴു ദിവസം തുടർച്ചയായി ഒരു ജീവനക്കാരൻ ജോലിക്ക് ഹാജരാകാതെ ഇരുന്നാൽ, ഒളിച്ചോട്ടമായി തൊഴിൽ ഉടമയ്ക്ക് പരാതി നല്‍കാമായിരുന്നു. കോവിഡ് പ്രതിസന്ധി രാജ്യത്ത് ആരംഭിച്ചതുമുതൽ കമ്പനികൾ ഹാജരാകാത്തതിനെ തുടര്‍ന്നു ജീവനക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് തൊഴില്‍ വകുപ്പ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. തൊഴിൽ നിയമം മറികടക്കാൻ ശ്രമിച്ച ചില തൊഴിലുടമകൾ ഡസൻ കണക്കിന് പരാതികൾ നൽകിയതിനെത്തുടർന്നാണ് കമ്മീഷൻ ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വെബ് സൈറ്റിലൂടെ ആണ് തൊഴിൽ ഉടമകൾ പരാതികൾ സമർപ്പിക്കേണ്ടത്. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ എന്തെങ്കിലും വീഴ്ചകൾ തൊഴിൽ ഉടമ വരുത്തിയാൽ പിഴ നല്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. നിലവിലെ തൊഴിൽ നിയമപ്രകാരം സമർപ്പിക്കുന്ന പരാതിയോടൊപ്പം ജീവനക്കാരന് മൂന്നു മാസം ശമ്പളം നൽകിയിട്ടുള്ള ബാങ്ക് രേഖകളും തൊഴിൽ ഉടമ സമർപ്പിച്ചിരിക്കണം. തൊഴിൽ ഉടമയുടെ ഈ പരാതിയിൻമേൽ ജീവനക്കാർക്ക് മറുപടി നൽകുവാൻ അറുപതു ദിവസം സമയവും ലഭിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ