കുവൈറ്റിൽ ജനജീവിതം സാധാരണ നിലയിലേക്ക്
Thursday, July 9, 2020 9:19 PM IST
കുവൈറ്റ് സിറ്റി : തുടർച്ചയായി മൂന്നുമാസത്തിലേറെ നീണ്ടുനിന്ന ലോക്ക് ഡൗണിൽ നിന്നും മുക്തരായതിന്‍റെ ആശ്വാസത്തിലാണ് കുവൈറ്റിലെ പ്രമുഖ നഗരങ്ങളായ അബാസിയും മഹബുള്ളയും.

ലോക്ക് ഡൗൺ പിന്‍വലിച്ച ആദ്യ ദിവസമായ ഇന്ന് അബാസിയിലെ റോഡുകളില്‍ നല്ല തിരക്കായിരുന്നു. രാവിലെ മുതല്‍ മണിക്കൂറുകള്‍ കാത്തിരുന്നാണ് പലരും പുറത്തെറിങ്ങിയത്. മിക്ക പ്രവാസി തൊഴിലാളികളുടേയും മുഖത്ത് ആശ്വാസത്തിന്‍റെ കിരണങ്ങള്‍ കാണാമായിരുന്നു. കഴിഞ്ഞ ഏപ്രിൽ ആറു മുതലാണ് മഹബൂല, ജലീബ്‌ അൽ ശുയൂഖ്‌ പ്രദേശങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്‌. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കാരണം മാസങ്ങളോളം ജോലിക്ക് പോകുവാന്‍ കഴിയാതെ പല വിദേശി ജീവനക്കാരേയും നേരത്തെ കമ്പിനികള്‍ പിരിച്ചു വിട്ടിരുന്നു. മാസങ്ങളായി ശമ്പളം ലഭിക്കാത്ത നൂറുക്കണക്കിന് തൊഴിലാളികളും പ്രദേശത്തുണ്ട്. പലരും മറ്റുള്ളവരുടെ സഹായത്താലാണ് ഭക്ഷണത്തിനും വാടക കൊടുക്കാനും വക കണ്ടെത്തുന്നത്. കടുത്ത മാനസിക സംഘര്‍ഷം സഹിക്കാന്‍ കഴിയാതെ നിരവധി പേരാണ് അബാസിയ മേഖലയില്‍ ജീവനൊടുക്കിയത്.

മലയാളികള്‍ ഏറെ തിങ്ങി താമസിക്കുന്ന മേഖലയില്‍ ലോക്ക് ഡൗൺ പിൻവലിക്കുന്നതോടെ നിരവധി പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമാവും. ആവശ്യ മേഖല ഒഴിച്ചുള്ള പല മേഖലയിലും മാസങ്ങളായി കടകള്‍ തുറന്നിരുന്നില്ല.അബാസിയിലെ ഇടുങ്ങിയ ഗല്ലികളില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പിലും പെയിന്‍റ് കടകളിലും മലയാളികള്‍ അടക്കമുള്ള നൂറു കണക്കിന് തൊഴിലാളികളാണ് ജോലി ചെയുന്നത്. അനധികൃത വീസകളില്‍ കഴിയുന്ന ഇവരില്‍ പലരും മാസങ്ങളായി ജോലിയും വരുമാനവും ഇല്ലാതിരുന്നതിനെ തുടര്‍ന്നു ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു.

ടാക്സി ഡ്രൈവര്‍മാര്‍, വീട്ടു ജോലിക്കാർ തുടങ്ങിയവരുടെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. ലോക്ഡൗൺ നീക്കിയതോടെ ഏറെ ആഹ്ലാദത്തിലാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍. നിരവധി സാമൂഹിക സംഘടനകളുടെയും സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള ചാരിറ്റി സംഘങ്ങളുടെയും കൂട്ടായ പ്രവർത്തനം മൂലം പതിനായിരക്കണക്കിന് ഭക്ഷണ കിറ്റുകൾ ആണ് ഇരു പ്രദേശങ്ങളിലും വിതരണം ചെയ്തത്. ഏകദേശം 4,000 കുവൈറ്റ് പൗരന്മാരും 190,000 വിദേശികളും വസിക്കുന്ന മഹബുള്ള പ്രദേശം കർശനമായ സുരക്ഷാനിരീക്ഷണത്തിലായിരുന്നു.

പ്രവേശന, എക്സിറ്റ് കർഫ്യൂ പെർമിറ്റ് ഉള്ളവരെ മാത്രമേ ബസുകളും മറ്റു വാഹനങ്ങളിലും യാത്ര ചെയ്യുവാന്‍ അനുവദിച്ചിരിന്നുള്ളൂ .പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ തടസങ്ങളും വേലികളും നീക്കം ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ച 5 മുതലാണ് ഐ‌സലേഷന്‍ നീക്കിയത്. കഴിഞ്ഞാഴ്ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയായിരുന്നു തീരുമാനം പ്രഖ്യാപിച്ചത്. മാസങ്ങള്‍ നീണ്ട ദുരിത ജീവതത്തിനാണ് ഇതോടെ അരുതി വന്നിരിക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ