ഹജ്ജിന് പരിസമാപ്തി: ആത്മനിർവൃതിയോടെ ഹാജിമാർ മടങ്ങിത്തുടങ്ങി
Monday, August 3, 2020 11:53 AM IST
റിയാദ്: ഏറെ അസാധാരണമായ ഇത്തവണത്തെ ഹജ്ജിന്റെ എല്ലാ കർമ്മങ്ങളും പൂർത്തിയാക്കി തീർത്ഥാടകർ ഞായറാഴ്ച മക്കയിൽ നിന്നും മടങ്ങിത്തുടങ്ങി. തീർത്ഥാടനത്തിന് അന്ത്യം കുറിച്ചു കൊണ്ടുള്ള വിടവാങ്ങൽ ത്വവാഫിനായി മിനായിൽ നിന്നും കല്ലേറ് പൂർത്തിയാക്കിയ ശേഷം തീർത്ഥാടകർ നേരത്തെ മക്കയിലേക്ക് നീങ്ങിയിരുന്നു. മഹാമാരി തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷയിൽ നിഴൽ വീഴ്ത്തിയ ഇത്തവണത്തെ ഹജ്ജിന് സൗദി അറേബ്യയിൽ സ്ഥിരതാമസക്കാരായ 160 രാജ്യങ്ങളിലെ പ്രതിനിധികളടക്കം ആയിരം പേർക്ക് മാത്രമാണ് ഇത്തവണ മന്ത്രാലയം അനുമതി നൽകിയിരുന്നത്. എല്ലാ പഴുതും അടച്ചുള്ള സുരക്ഷയാണ് ഇത്തവണ ഹജ്ജ് മന്ത്രാലയം ഹാജിമാർക്കായി ഒരുക്കിയത്.

കർശനമായ കൊറോണ മാനദണ്ഡങ്ങൾക്കിടയിൽ നടന്ന ഏറ്റവും സുഗമമായ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ സുവർണ്ണാവസരം ലഭിച്ചതിലുള്ള സന്തോഷവും ദൈവത്തിന്റെ അതിഥികളായി തെരെഞ്ഞെടുക്കപ്പെട്ട പരിമിതമായ തീർത്ഥാടകരിൽ ഉൾപ്പെട്ടതിലുള്ള ആത്മ നിർവൃതിയും വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവാതെ ഹാജിമാർ സന്തോഷാശ്രുക്കൾ പൊഴിച്ചു. സൗദി അറേബ്യയിലെ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അവർ നന്ദി രേഖപ്പെടുത്തി.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന് തിങ്കളഴ്ചയാണ് ഔദ്യോഗികമായി സമാപനമാകുന്നതെങ്കിലും അയ്യാമുൽ തശ്‌രീഖിന് ഒരു ദിവസം മുൻപേ തന്നെ തീർത്ഥാടകർക്ക് മടങ്ങാനുള്ള അനുമതിയുണ്ട്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തീർത്ഥാടകർ അവരുടെ വിമാന സമയത്തിനനുസരിച്ചായിരിക്കും മക്കയിൽ നിന്നും ജിദ്ദയിലേക്ക് തിരിക്കുക. അറഫാ ദിനം മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ഹജ്ജിനു കാലാവസ്ഥയും തടസമായില്ല.

സൗദി അറേബ്യയിൽ തുടർച്ചയായി കൊവിഡ് വൈറസ് വ്യാപനത്തിൽ കാണപ്പെടുന്ന കുറവ് ആരോഗ്യ വകുപ്പിന് ആശ്വാസകരമാകുന്നു. ഞായറാഴ്ചയും 1357 പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിലെ ഏറ്റവും കുറഞ്ഞ വ്യാപനമാണിത്. ഇതോടെ രാജ്യത്തെ വൈറസ് ബാധ 2,78,835 ആയി. മുപ്പത് പേർ കൂടി മരണത്തിനു കീഴടങ്ങിയതോടെ സൗദിയിൽ ഇതുവരെ കൊവിഡ് ബാധിച്ചു 2,917 പേർ മരിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 2,533 പേർക്ക് കൂടി രോഗമുക്തിയായതോടെ രാജ്യത്തെ രോഗമുക്തരുടെ എണ്ണം 2,40,081 ആയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 86.1 ശതമാനം ആയി.

ഇപ്പോൾ ചികിത്സയിലുള്ള കൊവിഡ് ബാധിതർ 35,837 മാത്രമാണ്. ഇവരിൽ 2,011 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ മക്കയാണ് ഒന്നാമത്. 153 പേർ മക്കയിലും 94 പേർ റിയാദിലും 72 പേർ ജിദ്ദയിലും പുതുതായി രോഗബാധിതരായി. ഏറ്റവും മികച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളുമായി ഇത്തവണ ഹജ്ജ് കർമ്മങ്ങൾക്ക് വേദിയൊരുക്കിയതിൽ ലോകാരോഗ്യ സംഘടന സൗദി അറേബ്യയെ പ്രകീർത്തിച്ചു.

റിപ്പോർട്ട് : ഷക്കീബ് കൊളക്കാടൻ