യാത്രാ വിലക്ക് ; കുവൈറ്റിലെ വിവിധ മേഖലകള്‍ പ്രതിസന്ധിയില്‍
Monday, August 3, 2020 10:18 PM IST
കുവൈറ്റ് സിറ്റി : യാത്രാ നിരോധനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ അധ്യാപകരുടെ മടങ്ങിവരവ് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം പ്രതിസന്ധി നേരിടുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

കോവിഡ് പ്രതിസന്ധിമൂലം ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കിയാലും അധ്യാപകരുടെ അഭാവം അടുത്ത അധ്യയന വർഷത്തിന്‍റെ തുടക്കത്തെ പ്രതികൂലമായി ബാധിക്കും . നിരവധി സ്‌കൂളുകളിൽ അധ്യാപകരുടെ കുറവുണ്ടെന്നും പെരുന്നാള്‍ അവധി കഴിഞ്ഞാലുടൻ കുവൈറ്റിലേക്കുള്ള വിദേശികളുടെ പ്രവേശനവിലക്കിൽനിന്ന് അധ്യാപകരെ ഒഴിവാക്കാനുള്ള സാധ്യത ആരോഗ്യ മന്ത്രാലയവും മറ്റ് സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് മന്ത്രാലയം പരിഗണിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അതേസമയം ആരോഗ്യ രംഗത്തെ ജീവനക്കാരെപ്പോലെതന്നെ അധ്യാപകരെയും പ്രവേശന വിലക്കിൽനിന്നു ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തോട് അഭ്യർഥിക്കാൻ തീരുമാനിച്ചതായും 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം നിരോധിക്കാനുള്ള തീരുമാനത്തിൽ നിന്ന് വിദേശി അധ്യാപകരെ ഒഴിവാക്കണമെന്ന് കുവൈറ്റ് ടീച്ചേഴ്സ് സൊസൈറ്റി ചെയർമാൻ അൽ അജാമി ആവശ്യപ്പെട്ടു.

അതിനിടെ സിവില്‍ ഏവിയേഷന്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് ഡോക്ടർമാർക്കും നഴ്സുമാർക്കും ഇളവ് അനുവദിക്കണമെന്ന് സ്വകാര്യ ആശുപത്രികൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ സ്വകാര്യ ആശുപത്രി ജീവനക്കാർ അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാനാകാതെ കുടുങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രി ജീവനക്കാരിൽ ഭൂരിഭാഗവും വിദേശികളാണ്. അതിൽ തന്നെ വലിയൊരു വിഭാഗം ഇന്ത്യക്കാർ ഉൾപ്പെടെ നിലവിൽ വിമാന സർവീസ് വിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ളവരുമാണ്. സ്വകാര്യ ആശുപത്രികളുടെ സംഘടനയാണ് ഇതു സംബന്ധിച്ച നിവേദനം സമർപ്പിച്ചത്.

റിപ്പോർട്ട്: സലിം കോട്ടയിൽ