സ്വദേശിവത്കരണം: കുവൈറ്റിൽ സബ് കോൺ‌ട്രാക്റ്റിംഗ് കമ്പനികൾ‌ക്കായി ജോലി ചെയ്യുന്ന 50 ശതമാനം പ്രവാസികളെ പിരിച്ചുവിടും
Tuesday, August 4, 2020 7:11 PM IST
കുവൈറ്റ് സിറ്റി : സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ സ്വദേശിവത്കരണ നടപടികള്‍ ത്വരിതമാക്കുന്നതിന്‍റെ ഭാഗമായി വിവിധ ര്‍ മന്ത്രാലയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളായ ജോലിക്കാരെ പിരിച്ചുവിടുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇതനുസരിച്ച് വരുന്ന മൂന്നു മാസത്തിനുള്ളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 50 ശതമാനം ജീവനക്കാരെ ഒഴിവാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ ജീവനക്കാര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവരെ ഘട്ടം ഘട്ടമായിരിക്കും പിരിച്ചുവിടുക. നേരത്തെ മന്ത്രാലയങ്ങളുടെ കീഴില്‍ നേരിട്ട് ജോലി ചെയ്യുന്ന മിക്ക വിദേശി തൊഴിലാളികളെയും സ്വദേശിവല്‍ക്കരണത്തിന്‍റെ ഭാഗമായി സബ് കോൺ‌ട്രാക്ടർമാരായ കമ്പനികളിലേക്ക് മാറ്റിയിരുന്നു. അവരെയാണ് ഇപ്പോള്‍ ജോലികളില്‍ നിന്നും നീക്കം ചെയ്യുന്നതെന്ന് പാർലമെന്‍ററി മാനവ വിഭവശേഷി വികസന സമിതി തലവൻ എം.പി. ഖലീൽ അൽ സലേഹ് പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോർട്ട് തയാറാക്കുന്നതിനും ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും ദേശീയ അസംബ്ലിയിൽ സമർപ്പിക്കുന്നതിനായും അടുത്ത ആഴ്ച മീറ്റിംഗ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

സർക്കാർ മന്ത്രാലയങ്ങളിലെ സർക്കാർ ജോലികൾക്കായുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് വിഷയത്തില്‍ ഗൗരവമായി ഇടപെടാനും 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിന് സിവില്‍ സര്‍വീസസ് കമ്മീഷന്‍ ശക്തമായ നടപടികളെടുക്കണമെന്നും ഖലീൽ അൽ സലേഹ് ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ