കുവൈറ്റിൽ ഇന്ത്യൻ എൻജിനീയർമാർക്ക് എൻ‌ഒസി നല്‍കുന്നത് നിർത്തിവച്ചു
Thursday, August 13, 2020 6:17 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ എൻജിനിയർമാർക്ക് എൻ ഒസി നല്‍കുന്നത് കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനിയേഴ്സ് താൽക്കാലികമായി നിർത്തിവച്ചു. സൊസൈറ്റി ഓഫ് എൻജിനിയേഴ്സും പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറും ആണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് പ്രാദേശിക പത്രമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

അസോസിയേഷനില്‍ നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി തെളിഞ്ഞതിനെത്തുടർന്നാണ് നടപടി.

കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനിയേഴ്സ് നിരസിച്ച നിരവധി അപേക്ഷകരും ഇഖാമ പുതുക്കിയ സമയത്ത് അനധികൃതമായി എൻജിനിയർ തസ്തിക നേടിയതായും വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി സർക്കാർ ഏജൻസികളുടെ വ്യാജ മുദ്രകൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ വ്യാജരേഖ ചമച്ചതിന് ഏഴ് ഇന്ത്യക്കാരെ പബ്ലിക് പ്രോസിക്യൂഷന് സൊസൈറ്റി റഫർ ചെയ്തു.

നേരത്തെ സർട്ടിഫിക്കറ്റ് പരിശോധനയുടെയും യോഗ്യതാ പരീക്ഷയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് എൻജിനീയേഴ്‌സ് സൊസൈറ്റി വിദേശ എന്‍ജിനിയര്‍മാര്‍ക്ക് എൻഒസി നല്‍കുന്നത്. ഇന്ത്യയിലെ എൻജിനിയര്‍മാരുടെ ഗുണനിലവാരം കുവൈത്തില്‍ കണക്കാക്കുന്നത് എന്‍ബിഎ അക്രഡിറ്റേഷന് വിധേയമായാണ്. ഇന്ത്യയിലെ തന്നെ അഭിമാനമായ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്കനോളജിയോ (IIT) നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്കനോളജിയോ (NIT) തുടങ്ങിയ മഹാ ഭൂരിപക്ഷം വരുന്ന സ്ഥാപനങ്ങളും അക്രഡിറ്റെഷൻ ലിസ്റ്റില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയായിരുന്നു ഇന്ത്യൻ എൻജിനിയർമാർ നേരിട്ടിരുന്നത്. ഈ വിഷയത്തില്‍ പരിഹാരത്തിനായി ശ്രമിക്കുന്ന സമയത്താണ് എൻ‌ഒസി നല്‍കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഇതോടെ കുവൈറ്റിലെ ആയിരക്കണക്കിനു വരുന്ന ഇന്ത്യന്‍ എൻജിനിയര്‍മാരുടെ ഭാവി ആശങ്കയിലാക്കിയിരിക്കുകയാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ