ദുബായിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച റസ്റ്ററന്‍റ് പൂട്ടി, ജിംനേഷ്യത്തിന് പിഴ
Friday, September 11, 2020 9:24 PM IST
ദുബായ്: കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദുബായ് സാന്പത്തിക വിഭാഗം നടത്തിയ പരിശോധനയിൽ സൗജന്യ ഭക്ഷണവിതരണം നടത്തിയ കടയുടെ മുന്നിൽ ഒത്തുകൂടുകയും സർക്കാരിന്‍റെ സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കുകയും തിരക്ക് ഉണ്ടാക്കുകയും ചെയ്ത സത്വയിലെ ഒരു റസ്റ്ററന്‍റ് വ്യാഴാഴ്ച അടച്ചുപൂട്ടാൻ ഉത്തരവിട്ടു.

മറ്റൊരു സംഭവത്തിൽ, ദുബായ് സ്പോർട്സ് കൗൺസിലുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ഒരു ഫിറ്റ്നസ് സെന്‍ററിന് പിഴ ചുമത്തി. ശാരീരിക അകലം പാലിക്കാത്തതിനും ജീവനക്കാർ മാസ്ക് ധരിക്കാതിരുന്നതിനെയും തുടർന്നാണ് നടപടി.

അതേസമയം വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 578 കടകൾ കോവിഡ് മുൻകരുതൽ നടപടികൾ പൂർണമായും പാലിക്കുന്നതായി കണ്ടെത്തി.

എമിറേറ്റിൽ പ്രഖ്യാപിച്ച കോവിഡ് സുരക്ഷാ മുൻകരുതലുകൾ എല്ലാ കമ്പനികളും വ്യാപാരികളും ഉപഭോക്താക്കളും പൊതുജനങ്ങളും പാലിക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ദുബായ് ഇക്കണോമി വിഭാഗം പറഞ്ഞു.