സൗദി ഉംറ സർവീസുകൾ പുനഃരാരംഭിക്കുന്നു
Tuesday, September 22, 2020 6:29 PM IST
റിയാദ്: കോവിഡ് വ്യാപനഭീതിയിൽ താൽക്കാലികമായി നിർത്തിവച്ച ഉംറ സർവീസുകൾ പുനഃരാരംഭിക്കാൻ സൗദി അറേബ്യ തയാറെടുക്കുന്നതായി സൗദി ഹജ്ജ്, ഉംറ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് സാലെ ബെന്റൻ അറിയിച്ചു.

മാറിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉംറ സർവീസുകൾക്ക് അധികാരപ്പെടുത്തിയ ഏജൻസികളെ മികവുറ്റ രീതിയിൽ പരിശീലിപ്പിക്കുകയും ആധുനിക സാങ്കേതികതകൾ ഉപയോഗിച്ച് സുസജ്ജമാക്കുകയും ചെയ്യുമെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു. തീർഥാടകർ രാജ്യത്ത് പ്രവേശിച്ചതു മുതൽ സുരക്ഷിതരായി കർമങ്ങൾ നിർവഹിച്ച് മടങ്ങുന്നതു വരെയുള്ള സമയത്ത് അവരെ കൃത്യമായി നിരീക്ഷിച്ച് വേണ്ട സൗകര്യങ്ങൾ ഉറപ്പു വരുത്താൻ മുപ്പതോളം ഏജൻസികളെയാണ് മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുള്ളത്. ആധുനിക ഇലക്ട്രോണിക് സാങ്കേതിക വിദ്യയും സ്മാർട്ട് കാർഡുകളും ഇവരുടെ ജോലി സുഗമമാക്കുന്നതിനായി ഏർപ്പെടുത്തുമെന്നും ബെന്റൻ പറഞ്ഞു. ഉംറ സർവീസുകൾ ആരംഭിക്കുന്നതോടെ ഇരു ഹറമുകളിലേക്കുമുള്ള സന്ദർശകർക്കുമുള്ള വിലക്കുകളും നീക്കും.

1.6 കോടിയിലധികം വരുന്ന വാർഷിക ഉംറ തീർഥാടകർക്ക് സുരക്ഷിതമായ സൗകര്യങ്ങളൊരുക്കുകയാണ് പുതിയ പരിഷ്കരണങ്ങളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. വിഷൻ 2030 ന്‍റെ ഭാഗമായി രണ്ടായിരത്തി മുപ്പതോടെ 3 കോടി തീർഥാടകർക്ക് ഓരോ വർഷവും ആതിഥ്യമേകുമെന്നും മന്ത്രി പറഞ്ഞു.

സൗദി അറേബ്യ നാളെ തൊണ്ണൂറാമത് ദേശീയദിനം ആചരിക്കുകയാണ്. കോവിഡ് വൈറസ്ബാധയെ ചുരുങ്ങിയ സമയത്തിനകം നിയന്ത്രണവിധേയമാക്കാൻ സാധിച്ച ചാരിതാർഥ്യത്തിലാണ് രാജ്യം ദേശീയദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തയാറെടുക്കുന്നത്. അതിവേഗം വ്യാപിച്ച വൈറസിനെ അഞ്ഞൂറിൽ താഴെയായി വരിഞ്ഞുമുറുക്കാൻ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടുണ്ട്. സെപ്റ്റംബർ 15 മുതൽ ഭാഗികമായി രാജ്യത്തിന്‍റെ എല്ലാ അതിർത്തികളും ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിലുള്ള രാജ്യങ്ങളിൽ നിന്നെല്ലാം വിദേശികൾക്ക് രാജ്യത്ത് വരുന്നതിനുള്ള വിലക്കുകളും സൗദി നീക്കി. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് മടങ്ങിയെത്താൻ ഉടനെ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ്.

ഈ വർഷത്തെ ജി 20 ഉച്ചകോടിക്ക് ആതിഥ്യമരുളുന്ന സൗദി അറേബ്യയിൽ അതിനായുള്ള തയാറെടുപ്പുകളും അതിവേഗം നടന്നു വരുന്നു. ഉച്ചകോടിയുടെ മുന്നോടിയായി ജി 20 വാണിജ്യ നിക്ഷേപ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കുകയാണ്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ