കുവൈറ്റിൽ കോവിഡ് ബാധിതർ 590; രോഗമുക്തി 601
Friday, September 25, 2020 9:26 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 25 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം 590 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ്‌ ബാധിതരുടെ എണ്ണം 102,441 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്നു 4,730 പരിശോധനകൾ നടന്നു. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 729,755 ആയി. കോവിഡ് ചികിത്സയിലായിരുന്ന മൂന്നുപേര്‍ കൂടി ഇന്ന് മരിച്ചതോടെ വൈറസ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 595 ആയി ഉയര്‍ന്നു.

അഹമ്മദി ഗവര്‍ണ്ണറേറ്റില്‍ 138 ,ജഹ്‌റ ഗവര്‍ണ്ണറേറ്റില്‍ 110 , ഫർവാനിയ ഗവര്‍ണ്ണറേറ്റില്‍ 86 , ഹവല്ലി ഗവര്‍ണ്ണറേറ്റില്‍ 134, കേപിറ്റൽ ഗവര്‍ണ്ണറേറ്റില്‍ 122 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് 601 പേരാണു രോഗ മുക്തരായത്‌ . 93,562 പേർ ഇതുവരെ രാജ്യത്ത് കോവിഡ് മുക്തിനേടി. 8,284 പേർ രാജ്യത്തിന്‍റെ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നതായും 111 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ