അബുദാബിയിൽ റീഡേഴ്സ് വേൾഡ് പുസ്തകമേള ആരംഭിച്ചു
Monday, September 28, 2020 10:54 PM IST
അബുദാബി: പുസ്തക പ്രേമികൾക്കായി ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന റീഡേഴ്സ് വേൾഡ് പുസ്തകമേള ആരംഭിച്ചു. യുഎഇ വായന വർഷാചരണം തുടങ്ങിയതിനോടനുബന്ധിച്ചാണ് റീഡേഴ്സ് വേൾഡ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്. മുൻ വർഷങ്ങളിൽ പ്രശസ്ത്തരായ സാഹിത്യ പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് മഹനീയമായിരുന്നു ഫെസ്റ്റ്.

ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ഫെസ്റ്റ് നടക്കുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ, കഥ, കവിത, നോവൽ, ആത്മകഥ, ജീവചരിത്രം, ബാലസാഹിത്യം, ചരിത്രം, വൈജ്ഞാനികസാഹിത്യം, കുക്കറി, ഫാഷൻ തുടങ്ങിയ മേഖലകളിലായി ആയിരക്കണക്കിന് പുസ്തകങ്ങളാണ് ആകർഷകമായ വിലക്കിഴിവോടെ ഒരുക്കിയിരിക്കുന്നത്.

വായനക്കാർ കാത്തിരിക്കുന്ന പ്രമുഖ നോവലിസ്റ്റ് ചേതൻ ഭഗത്തിന്‍റെ വണ്‍ അറേഞ്ചഡ് മാര്യേജ് മർഡർ എന്ന പുസ്തകം സെപ്റ്റംബർ 28 നു മേളയിൽ എത്തുമെന്ന് സംഘാടകർ അറിയിച്ചു. കോവിഡ് കാലത്തു ഒഴിവ് സമയങ്ങൾ വായനയിലൂടെ അർത്ഥപൂർണ്ണമാക്കാൻ ഒട്ടേറെ പുസ്തക പ്രേമികളാണ് ഇഷ്ട പുസ്തകങ്ങൾ തേടി അക്ഷരമേളയിൽ എത്തുന്നത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള