കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌ വിടവാങ്ങി
Tuesday, September 29, 2020 7:52 PM IST
കുവൈറ്റ് സിറ്റി : കുവൈത്ത്‌ അമീർ ഷെയ്ഖ് സബാഹ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌ വിടവാങ്ങി. 91 വയസായിരുന്നു. കുവൈറ്റ് ടെലവിഷനാണ് മരണ വിവരം ഔദ്യോഗികമായി പുറത്ത്‌ വിട്ടത്‌. ചികിത്സക്കായി ജൂലൈ 23ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആരോഗ്യപരമായ അസുഖത്തെ തുടര്‍ന്നു ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ താൽക്കാലികമായി കിരീടാവകാശി ഷെയ്ഖ് നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിന് കൈമാറിയിരുന്നു.

1929 ജൂൺ 16 നു മുൻ കുവൈറ്റ് അമീർ ഷൈഖ്‌ അഹമദ്‌ അൽ ജാബിർ അൽ സബാഹിന്‍റെ നാലാമത്തെ പുത്രനായി കുവൈത്ത്‌ സിറ്റിയിലെ ഷർഖ്‌ ജില്ലയിൽ ആണു ജനനം. വിദ്യാഭ്യാസത്തിനുശേഷം 1954ൽ 25-ാം വയസിൽ തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു. 1962ൽ വാർത്താവിനിമയ മന്ത്രിയായി. 1963 മുതല്‍ 2003 വരെ രാജ്യത്തെ വിദേശകാര്യ മന്ത്രിയും 2003 മുതല്‍ 2006 വരെ പ്രധാനമന്ത്രിയുമായിരുന്നു. അമീർ ഷെയ്ഖ് ജാബിർ അൽ അഹമദ്‌ അൽ സബാഹിന്‍റെ ദേഹ വിയോഗത്തെ തുടർന്ന് 2006 ജനുവരി 29 നാണ് കുവൈറ്റിന്‍റെ പതിനഞ്ചാമത്തേതും സ്വതന്ത്ര കുവൈറ്റിന്‍റെ അഞ്ചാമത്തെയും അമീറായി ഷെയ്ഖ് സബാഹ്‌ സത്യ പ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റത്.

മേഖലയിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ ഭരണാധികാരിയായിരുന്നു കുവൈറ്റ് അമീര്‍. അടുത്തയിടെയാണ് യുഎസ് പ്രസിഡന്‍റിന്‍റെ "ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍' ബഹുമതി അമീറിന് ലഭിച്ചത്. നേരത്തെ ഐക്യരാഷ്ട്ര സഭ അദ്ദേഹത്തിന് 2014ൽ മാനുഷിക സേവനത്തിന്‍റെ ലോക നായക പട്ടം നൽകി ആദരിച്ചിരുന്നു. അറബ് മേഖലയിലും രാജ്യാന്തര തലത്തിലും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് കുവൈറ്റ് അമീര്‍ വഹിച്ചിട്ടുള്ള വലിയ പങ്കിന് ആദരവായാണ് ബഹുമതി നൽകിയത്. അറബ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉപദേശകനും നേതാവുമായാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വരെ അമീറിനെ വിശേഷിപ്പിക്കുന്നത്.

റിപ്പാർട്ട്: സലിം കോട്ടയിൽ