ലിറ്റിൽ ജെംസ് ശിൽപശാല സമാപിച്ചു
Thursday, October 15, 2020 5:54 PM IST
ജിദ്ദ: ഓൺലൈൻ പഠനത്തിന്‍റെ വിരസതകളിൽ നിന്ന് വേറിട്ട് ഉല്ലസിച്ച് പഠിക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികളെ കോർത്തിണക്കിക്കൊണ്ട് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് അധ്യാപകനായ ഡോ. ഇസ്മയിൽ മരിതേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലിറ്റിൽ ജെംസ് ശിൽപശാല പഠനവിനോദ സേവന രംഗങ്ങളിൽ പുത്തൻ ആവേശം പകർന്ന് മാതൃകയായി.

ലോക്ക് ഡൗൺ കാലത്ത് സാംസ്കാരിക അധപതനത്തിൽ നിന്ന് ഇളംതലമുറയെ രക്ഷിക്കാൻ ക്രിയാത്മകമായ ഇത്തരം ഓൺലൈൻ ശില്പശാലകൾ അനിവാര്യമെന്ന് ഡോ. കെ.കെ.എൻ കുറുപ്പ് പറഞ്ഞു. സമാപനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ വിദ്യാലയങ്ങളിൽ പല കാലത്ത് ഡോ.മരിതേരി പഠിപ്പിച്ച വിദ്യാർഥികളുടെ കൂട്ടായ്മയായ മൈ പ്രഷ്യസ് ജെംസിന്‍റെ (എം.പി.ജി) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർവതല സ്പർശിയായ ശിൽപശാല അധ്യാപക ദിനത്തിൽ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതിനകം ധാരാളം വിദ്യാഭ്യാസ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എംപിജി ഗ്രൂപ്പംഗങ്ങളുടെ മുപ്പതോളം മക്കളെ ഉൾപ്പെടുത്തിയാണ് ആറ് ആഴ്ച കാലം നീണ്ടു നിന്ന ശിൽപശാല നടന്നത്.

വ്യക്തി,കുടുംബം വിദ്യാലയം പരിസ്ഥിതി പ്രാദേശിക ചരിത്രം ശാസ്ത്രം ,കല സാഹിത്യം, ഭാഷ, ഗണിതം , പാചകം, സാമൂഹ്യ സേവനം ഉൾപ്പെടെ വിവിധ തലങ്ങളിൽ പുത്തൻ ഉൾകാഴ്ചകൾ നൽകുന്ന എൺപതോളം പഠന പ്രവർത്തനങ്ങൾ അഞ്ചോളം ഗ്രൂപ്പുകളായാണ് വിദ്യാർത്ഥികൾ ആവേശപൂർവം ചെയ്ത് പൂർത്തിയാക്കിയത്.

വിവിധ മേഖലകളിലെ അന്താരാഷ്ട്ര പ്രശസ്തരായ ഏകദേശം ഇരുപത്തിയഞ്ചോളം പ്രമുഖർ വിദ്യാർഥികളുമായി സംവദിച്ചു. മീനു കൃഷ്ണൻ തൃശൂർ, രമാദേവി നിലമ്പൂർ, നജ്മ പൂനത്ത്, ജിതിൻ ബാലുശേരി, ജസ്റ്റിൻ ജോസ് യുഎഇ എന്നിവർ മെൻറ്റർമാരായി ഓരോ ദിവസവും കുട്ടികൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പ്രാൽസാഹനങ്ങളും മാർഗ നിർദേശങ്ങളും നൽകി.

നേതൃത്വ പരിശീലനം ,ഫലവത്തായ ആശയ വിനിമയം , ക്രിയാത്മക ചിന്തകൾ, പ്രശ്ന പരിഹാരങ്ങൾ, വിമർശനാത്മക പഠനങ്ങൾ , പ്രകൃതി നിരീക്ഷണം, ശാസത്ര പരീക്ഷണങ്ങൾ, രചനാ പാടവം, തുടങ്ങി വിവിധ നൈപുണികൾ വിദ്യാർത്ഥികളിൽ പരിപോഷിപ്പിക്കാനുതകുന്നതായിരുന്നു ഒരോ പ്രവർത്തനങ്ങളുമെന്ന് രക്ഷിതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

നേരത്തേ പരസ്പരം അറിയാത്ത വിവിധ ദേശങ്ങളിലുള്ള വ്യത്യസ്ത സാമൂഹ്യ സാംസ്ക്കാരിക, മത പശ്ചാതലത്തിലുള്ള കുട്ടികൾ പരസ്പരം മറ്റുള്ള കൂട്ടുകാരിൽ നിന്നും മെന്‍റർ മാരിൽ നിന്നും ഓരോ ദിവസവും വളരെ താൽപര്യപൂർവമാണ് പുതിയ കാര്യങ്ങൾ പഠിച്ചെടുത്തതെന്ന് കുട്ടികളിലെ പഠനാവേശം നേരിൽ കണ്ട രക്ഷിതാക്കളും അപ്പൂപ്പനും അമ്മൂമ മാരും വിലയിരുത്തി.

ഓരോ ഗ്രൂപ്പിലും വിദ്യാർഥികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ആഴ്ച തോറും ഗ്രൂപ്പ് ലീഡർ മാർ മൽസരിച്ചു. പ്രഭാഷണ കല, പോസ്റ്റർ മേക്കിംഗ് , ചിത്ര രചന, അഭിനയം, കത്തെഴുത്ത്, ചെടി നടീൽ, പ്രായോഗിക ഇംഗ്ലീഷ് ഭാഷാ പഠനം, കഥാ കഥനം, കവിതാലാപനം, തൽക്ഷണപ്രതികരണം, ആരോഗ്യപരിപാലനം, പ്രാഥമിക ശുശ്രൂഷ, ശുചിത്വ ശീലങ്ങൾ തുടങ്ങി പല പ്രവർത്തനങ്ങളും മിക്കവരും ഏറെ ആസ്വദിച്ച് ചെയ്തതായി അനുഭവങ്ങൾ പങ്കുവച്ച മെന്‍റർമാർ പറഞ്ഞു.

പ്രഗൽഭനായ ഒരു പരീശീലകൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം ശിൽപശാലകൾ വിരസതയിൽ നിന്ന് കുട്ടികളെ വിജ്ഞാനത്തിന്‍റേയും വിനോദത്തിന്‍റേയും പുതിയ മേഖലകളിലേക്ക് ആനയിക്കുമെന്ന് ശിൽപശാലയുടെ സമാപന സെഷൻ ഉദ്ഘാടനം ചെയ്ത ജമ്മു കാഷ്മീർ ജുവനൈൽ ജസ്റ്റീസ് ബോർഡംഗം ഡോ. റൗഫ് മാലിക്ക് പറഞ്ഞു.

ഗ്രാൻഡ് ഫിനാലെയിൽ കവി കെ .ടി സൂപ്പി , ഡോ.അഹ്മദ് അഷ്റഫ് സെഡ് എ ,എസ്.പി സിംഗ്, മിനി ടീച്ചർ, ജോസഫ് പൂതക്കുഴി, മുഹമ്മദ് ഷഫീഖ് , ബൈജു ആയാടത്തിൽ എന്നിവർ സംസാരിച്ചു.

ചീഫ് മെൻറർ ഡോക്ടർ ഇസ്മയിൽ മരി തേരി അധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ അശ്വിൻ രാജ് സ്വാഗതവും ഡോ. അമീനത്ത് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ