പ്രവാസി യാത്രാപ്രശ്നം ബഹറിൻ പാർലമെന്‍റ് അംഗവുമായി എസ്ഡബ്ല്യുഎ കൂടിക്കാഴ്ച നടത്തി
Friday, October 16, 2020 5:14 PM IST
മനാമ: ഇന്ത്യയിൽ നിന്നും ബഹറിനിലേക്ക് വരേണ്ട പ്രവാസികൾക്ക് മതിയായ യാത്രാ സൗകര്യം ഇല്ലാത്തതും ഉള്ളവയ്ക്ക് അമിതമായ യാത്രാ നിരക്ക് നൽകേണ്ടിയും വരുന്ന സാഹചര്യത്തിൽ പ്രവാസി യാത്രാ പ്രശ്നം നാട്ടിലെയും ബഹറിനിലെയും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരികയും അതിന് പരിഹാരം കാണുകയും ചെയ്യുക എന്ന സോഷ്യൽ വെൽഫെയർ അസോസിയേഷൻ എക്സിക്യട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ബഹറിൻ പാർലമെന്‍റ് അംഗം അഹ്മദ് യൂസഫ് അബ്ദുൽ ഖാദർ മുഹമ്മദ് അൻസാരിയുമായി സോഷ്യൽ വെൽഫെയർ അസോസിയേഷൻ കൂടിക്കാഴ്ച നടത്തി.

യാത്രാ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും ബന്ധപ്പെട്ട മന്ത്രിയുമായും ഗൾഫ് എയർ ബോർഡ് പ്രതിനിധികളുമായും സംസാരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.

നാട്ടിൽ നിന്നും ബഹറിനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പൂർണമായും വിറ്റഴിയുകയും നിലവിൽ മറ്റ് സാധ്യതകൾ ഇല്ലാതിരിക്കുകയോ, ഉള്ളവ സാധാരണക്കാരന്‌ താങ്ങാവുന്നതിനും അപ്പുറം ഉള്ള യാത്രാ കൂലി ഈടാക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ബന്ധപ്പെട്ട അധികാരികളെ കാണാൻ തീരുമാനിച്ചത്.

സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ, വൈസ് പ്രസിഡന്‍റ് മുഹമ്മദലി മലപ്പുറം, വെൽകെയർ കൺവീനർ അബ്ദുൽ മജീദ് തണൽ, എക്സിക്യട്ടീവ് അംഗം ഫസൽ റഹ്മാൻ പൊന്നാനി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.