കേളി ചികിത്സാ സഹായം കൈമാറി
Monday, October 19, 2020 8:58 PM IST
തിരുവനന്തപുരം : കേളിയുടെ മുൻകാല പ്രവർത്തകനും തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ മോളിച്ചന്ത സ്വദേശിയുമായ ഉണ്ണികൃഷ്ണന് കേളി പ്രവർത്തകരിൽ നിന്നും സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. ഉണ്ണികൃഷ്ണൻ കേളി സനയ്യ അറബയീൻ ഈസ്റ്റ് യൂണിറ്റംഗമായിരുന്നു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഉണ്ണികൃഷ്ണൻ നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിച്ച് വരുന്നതിനിടെയാണ് പക്ഷാഘാതം ബാധിച്ച് ഒരു വശം തളർന്നു പോയത്. മറ്റു ജോലികൾ ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായ ഉണ്ണികൃഷ്ണന്‍റെ അവസ്ഥ മനസിലാക്കിയ സഹപ്രവർത്തകർ കേളിയെ വിവരമറിയിച്ചതിനെ തുടർന്ന് കേളി കേന്ദ്ര സമിതിയുടെ സഹായത്തോടെ സനയ്യ അറബയീൻ ഏരിയയാണ് ചികിത്സാ ഫണ്ട് സ്വരൂപിച്ചത്.

പ്രവാസി സംഘം നേതാവ് അനിൽ കുമാർ കേശവപുരം, സിപിഎം പള്ളിക്കൽ ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം, മോളിച്ചന്ത ബ്രാഞ്ച് സെക്രട്ടറി എസ്.എസ്. ബിജു, അനിൽ ബാബു, കേളി പ്രവർത്തകൻ അനിൽ കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗവും KEMDEL ചെയർമാനുമായ അഡ്വക്കറ്റ് മടവൂർ അനിൽ, ഉണ്ണികൃഷ്ണന്‍റെ വീട്ടിലെത്തി ചികിത്സാ സഹായം കൈമാറി.