അമൽ അൽ മുഅല്ലിമി സൗദിയുടെ രണ്ടാമത്തെ വനിതാ അംബാസഡർ
Friday, October 23, 2020 6:10 PM IST
റിയാദ്: അമൽ ബിൻത് യഹ്യ അൽ മുഅല്ലിമിയെ സൗദിയുടെ നോർവേയിലെ പുതിയ അംബാസഡറായി നിയമിച്ചു. സ്ത്രീശാക്തീകരണത്തിൽ വിപ്ലവകരമായ പരിഷ്‌കാരങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സൽമാൻ രാജാവ് നിയമിക്കുന്ന രണ്ടാമത്തെ വനിത അംബാസഡറാണ് അമൽ ബിൻത് യഹ്യ അൽ മുഅല്ലിമി. കഴിഞ്ഞ വർഷമാണ് ആദ്യത്തെ വനിതാ അംബാസഡറായി റീമ ബിൻത് ബന്ദർ രാജകുമാരി നിയമിതയായത്.

ചൊവ്വാഴ്ച നടന്ന വെർച്വൽ ചടങ്ങിൽ സൽമാൻ രാജാവിന്‍റേയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റേയും സാന്നിധ്യത്തിൽ അമൽ ബിൻത് യഹ്യ അംബാസഡറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

23 വർഷത്തിലേറെയായി അക്കാഡമിക് രംഗത്ത് പ്രവർത്തിച്ച ശേഷമാണ് അൽ മുഅല്ലിമി നയതന്ത്ര രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, സാമൂഹിക പരിശീലനം, വികസനം എന്നീ മേഖലകളിൽ നിരവധി ഉയർന്ന പദവികൾ വഹിച്ചിട്ടുള്ള അമൽ, 2019 മുതൽ സൗദി മനുഷ്യാവകാശ കമ്മീഷനിൽ ഡയറക്ടർ ജനറൽ ആയി പ്രവർത്തിച്ചു വരികയായിരുന്നു.

യു എസിലെ ഡെൻവർ സർവകലാശാലയിൽ നിന്നും മാസ് കമ്യൂണിക്കേഷനിലും ജേർണലിസത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അമൽ അൽ മുഅല്ലിമി നല്ലൊരു എഴുത്തുകാരിയുമാണ്. റിയാദിലെ പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ഭാഷയിൽ ബിരുദം നേടിയ അമൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നും ഇസ് ലാമിക സ്റ്റഡീസിൽ ഫെല്ലോഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. സൗദി വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിൽ നിരവധി വർഷങ്ങളായി അധ്യാപികയായും പരിശീലകയായും പ്രവർത്തിച്ച അമൽ, സൗദി ടെലിവിഷനിലും ഉയർന്ന പദവി വഹിച്ചിരുന്നു. നല്ലൊരു വാഗ്മി കൂടിയായ അമൽ ബിൻത് യഹ്യ നിരവധി അന്താരാഷ്ട്ര വേദികളിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

പുണ്യനഗരമായ മക്കയുടെ സമീപത്തുള്ള ഖുൻഫുദ ഗ്രാമത്തിൽ നിന്നുള്ള അമൽ, രാജ്യത്തിന്‍റെ നയതന്ത്ര മേഖലയിൽ പ്രവർത്തിച്ചുവന്ന പരിചയ സമ്പന്നരായ ഒരു കുടുംബ പശ്ചാത്തലത്തിൽ നിന്നുമാണ് വന്നത്. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തെ സൗദിയുടെ സ്ഥിരം പ്രതിനിധി അബ്ദുള്ള അൽ മുഅല്ലിമിയുടെ സഹോദരിയും അന്തരിച്ച പ്രശസ്ത സൗദി എഴുത്തുകാരൻ ലഫ്. ജനറൽ യഹ്യ അൽ മുഅല്ലിമിയുടെ മകളുമാണ് അമൽ. പിതാവ് സൗദി പൊതു സുരക്ഷാ വിഭാഗത്തിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറും കെയ്റോയിലെ അറബി ഭാഷാ അക്കാഡമി അംഗവുമായിരുന്നു.

പുരുഷന്മാരുടെ കുത്തകയായിരുന്ന നയതന്ത്ര രംഗത്ത് രണ്ടു വനിതാ അംബാസഡർമാർ കടന്നു വന്നത് രാജ്യത്തിന്‍റെ രാഷ്ട്രീയ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ