മെഡിക്കൽ എൻട്രൻസ് റാങ്ക് ജേതാവ് ആയിഷയ്ക്ക് സോഷ്യൽ ഫോറം ഉപഹാരം നൽകി
Monday, October 26, 2020 2:28 PM IST
ജിദ്ദ: ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (NEET)) ദേശീയതലത്തിൽ 12ആം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും കരസ്ഥമാക്കിയ കൊയിലാണ്ടി സ്വദേശിനി ആയിഷയ്ക്ക് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോർഡിനേഷൻ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. കൊയിലാണ്ടി കൊല്ലം ഷാജി ഹൗസിൽ എ.പി. അബ്ദുൽ റസാഖ്- ഷമീമ ദമ്പതികളുടെ മകളാണ് കേരളത്തിന്റെ യശസ്സുയർത്തിയ ആയിഷ. ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധികൾ എസ്ഡിപിഐ പ്രാദേശിക നേതാക്കളോടൊപ്പം റാങ്ക് ജേതാവിന്റെ വീട്ടിലെത്തി സ്റ്റെതസ്കോപ്പും മെമെന്റോയും നൽകി ആദരിക്കുകയും സോഷ്യൽ ഫോറം സൗദി കോഓർഡിനേഷൻ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
റിയാദ് ബ്ലോക്ക് സോഷ്യൽ ഫോറം ഭാരവാഹി ഫസൽ റഹ്മാൻ, അബ്ദുൽ റസാഖ് കാട്ടിലെപീടിക എന്നിവർ ആയിഷക്ക് ഉപഹാരങ്ങൾ കൈമാറി. എസ്.ഡി.പി.ഐ. ചേമഞ്ചേരി ബ്രാഞ്ച് പ്രസിഡണ്ട് നസീർ, ജലീൽ കാപ്പാട് എന്നിവരും ലളിതമായ ചടങ്ങിൽ സംബന്ധിച്ചു.

വളർന്നു വരുന്ന തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നൽകുകവഴി മൗലാനാ ആസാദിനെപ്പോലെയുള്ള ധിഷണാശാലികൾ സ്വപ്നം കണ്ട ഇന്ത്യയെ വീണ്ടെടുക്കാൻ മിടുക്കരായ വിദ്യാർഥികളിലൂടെ സാധിക്കേണ്ടതുണ്ട്. മൂല്യവത്തായ വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് രക്ഷിതാക്കൾ ശ്രദ്ധ നൽകണമെന്നും വിദ്യാഭ്യാസ പുരോഗതിക്കുതകുന്ന എല്ലാവിധ പ്രോത്സാഹനവും പ്രവാസ ലോകത്തുനിന്നും ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും ഫോറം സൗദി കോഓർഡിനേറ്റർ ബഷീർ കാരന്തൂർ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ