ഗൾഫ് രാജ്യങ്ങളിൽ നബിദിനം വ്യാഴാഴ്ച
Wednesday, October 28, 2020 7:27 PM IST
മനാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1495 -ാമത് ജന്മ ദിനം ഒക്ടോബർ 29ന് (വ്യാഴം) ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ സമുചിതമായി ആഘോഷിക്കും.

പതിവിനു വിപരീതമായി കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തിൽ ഇത്തവണ നബിദിന പരിപാടികളെല്ലാം ഓണ്‍ലൈനിലാണ് സംഘടിപ്പിക്കുന്നത്.

ജിസിസി രാഷ്ടങ്ങളിലും മതകാര്യ വിഭാഗങ്ങളുടെയും ഔഖാഫ് മന്ത്രാലയങ്ങളുടെയും നേതൃത്വത്തില്‍ ഔദ്യോഗിക പരിപാടികള്‍ ഓണ്‍ലൈനില്‍ നടക്കും. വിവിധ പ്രവാസി മത സംഘടനകളുടെ കീഴിലും വിപുലമായ നബിദിന പരിപാടികളാണ് ഒരുക്കുന്നത്.

പദ്യ-ഗദ്യ രൂപങ്ങളിലുള്ള പ്രവാചക പ്രകീര്‍ത്തന മൗലിദ് സദസുകളും പ്രമുഖരുടെ പ്രഭാഷണങ്ങളും മദ്രസ വിദ്യാര്‍ഥികളുടെ കലാ പരിപാടികളുമാണ് പ്രധാനമായും പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ നടക്കുന്നത്.
നബിദിനമായ വ്യാഴാഴ്ച പുലര്‍ച്ചെ സുബ്ഹിക്കു മുന്പായി വിവിധ കേന്ദ്രങ്ങളില്‍ മൗലിദു മജ് ലിസുകളും ഒരുക്കിയിട്ടുണ്ട്.

സമസ്ത ബഹറിന്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ദ്വിദിന ഓണ്‍ലൈന്‍ നബിദിന പരിപാടികളില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇതിന്‍റെ തല്‍സമയ സംപ്രേഷണം www.facebook.com/SamasthaBahrain എന്ന ഫൈസ്ബുക്ക് പേജില്‍ ഉണ്ടായിരിക്കും.