ഇന്ത്യൻ എംബസിയിൽ ഓപ്പണ്‍ ഹൗസ് പുനരംഭിക്കുന്നു
Monday, November 16, 2020 10:22 PM IST
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പ്രതിവാര ഓപ്പണ്‍ ഹൗസ് പുനരംഭിക്കുന്നു. നവംബർ 18 നു (ബുധൻ) വൈകുന്നേരം 3.30 ന് ഓൺലൈനായി നടക്കുന്ന ഓപ്പണ്‍ ഹൗസിൽ അംബാസഡർ സിബി ജോര്‍ജ് പങ്കെടുക്കും.

‘എംബസിയിലെ രജിസ്‌ട്രേഷന്‍ ഡ്രൈവും പൊതുമാപ്പും’ എന്ന വിഷയത്തിൽ നടക്കുന്ന പരിപാടിയിൽ കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പങ്കെടുക്കാമെന്ന് എംബസി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

ഓപ്പണ്‍ഹൗസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ടിലെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, ബന്ധപ്പെടാനുള്ള നമ്പര്‍, കുവൈറ്റിലെ വിലാസം, ഓപ്പണ്‍ ഹൗസില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം തുടങ്ങിയ വിവരങ്ങൾ [email protected] ഇമെയിൽ വിലാസത്തിൽ അയക്കണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മീറ്റിംഗ് ഐഡിയും മറ്റു വിവരങ്ങളും നൽകുമെന്നും അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ