ഷെയ്ഖ് ഷക്ബൂത് മെഡിക്കൽ സിറ്റിയിലും ബുർജീൽ ഹോസ്പിറ്റലിലും അടിയന്തര ചികിത്സക്ക് അനുമതി
Tuesday, November 17, 2020 9:03 PM IST
അബുദാബി : അടിയന്തര വൈദ്യചികിത്സക്ക് അബുദാബിയിൽ രണ്ടു ആശുപത്രികൾക്ക് കൂടി അനുമതി നൽകി കൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഷെയ്ഖ് ഷക്ബൂത് മെഡിക്കൽ സിറ്റി , ബുർജീൽ ഹോസ്പിറ്റൽ എന്നീ ആശുപത്രികൾക്കാണ് പുതുതായി അനുമതി നൽകിയിരിക്കുന്നത്.

അടിയന്തര വൈദ്യ ചികിത്സക്ക് ആവശ്യമായ കേന്ദ്രം തുറക്കുന്നതിനുള്ള പെരുമാറ്റച്ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതോടെയാണ് അനുമതി നൽകിയത്. നിലവിൽ ക്ലീവ് ലാൻഡ് ഹോസ്പിറ്റൽ , ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി , തവം ഹോസ്പിറ്റൽ , മദിനത് സായിദ് ഹോസ്പിറ്റൽ , അൽ റുവൈസ് ഹോസ്പിറ്റൽ , അൽ ഐൻ ഹോസ്പിറ്റൽ , റോയൽ എൻഎംസി എന്നിവിടങ്ങളിലാണ് എമർജൻസി സർവീസ് നിലവിലുള്ളത്.

കടുത്ത നെഞ്ചുവേദന , ശ്വാസം ലഭിക്കുന്നതിനു തടസം നേരിടുക , ബോധരഹിതരാകുക , രക്തസ്രാവം , മാരകമായ പരിക്കുകൾ തുടങ്ങി ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് ഇത്തരം ആശുപത്രികളിൽ പോകാവുന്നതാണ് . അർജന്‍റ് കെയർ സെന്‍ററുകളിൽ പ്രാഥമിക പരിശോധനകൾ മാത്രം നടത്തുന്നതിനാണ് അനുമതി നൽകിയിരിക്കുന്നതെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി. സൂര്യാഘാതം , പൊള്ളൽ , മുറിവ് പോലെയുള്ള സാഹചര്യങ്ങളിൽ അർജന്‍റ് കെയർ സെന്‍ററുകളിൽ പോകാവുന്നതാണ് . എമർജൻസി കെയർ സെന്‍ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള