അപകടത്തിൽ പരിക്കേറ്റ മലയാളി ബാലനെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു
Thursday, November 19, 2020 6:06 PM IST
റിയാദ്: വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ മലയളി ബാലനെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. പാലക്കാട് മണ്ണാർക്കാട് അരൂർ സ്വദേശി മുഹമ്മദ് സുനീറിന്‍റെ മകൻ മുഹമ്മദ് സഹലി(6) നെയാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച സഹലിന് ചികിത്സ തുടരുകയാണ്.

ഒക്ടോബർ 10നായിരുന്നു അപകടം.  റിയാദ് എക്സിറ്റ് 17നടുത്ത് ഇലക്ട്രിസിറ്റി ഓഫിസിനു സമീപം നിയന്ത്രണം വിട്ട കാറിടിച്ചാണ് സഹലിനും പിതാവ് സുനീറിനും സുഹൃത്തും റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റുമായ സൈതു മീഞ്ചന്തക്കും പരിക്കേറ്റത്.

യെമനി പൗരൻ ഓടിച്ച വാഹനം റോഡരികിൽ വീടിനടുത്ത് സംസാരിച്ചു നിൽക്കുകയായിരുന്ന ഇവർക്കരികിലേക്ക് ഓടിക്കയറുകയായിരുന്നു.  മൂവരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ സഹലൈന് സാരമായി പരിക്കേറ്റിരുന്നു. തലക്കും കൈക്കും പരിക്കേറ്റ സഹൽ അബോധാവസ്ഥയിലായിരുന്നു.   ആരോഗ്യ നിലയിൽ അല്പം മാറ്റം വന്നതിനെ തുടർന്നാണ് നാട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചത്.  സഹലിനൊപ്പം ഉമ്മയും സഹോദരിയും കൂടാതെ സുനീറിന്‍റെ ബന്ധുവായ ഹുസൈനും യാത്രയിൽ അനുഗമിച്ചു.  ഡോ.സമീർ പോളിക്ലിനിക്കിന്‍റെ ആംബുലൻസിലാണ് കുട്ടിയെ വിമാനത്താവളത്തിലെത്തിച്ചത്.  

അപകടത്തിൽ കാലിന് പരിക്കേറ്റ സുനീർ പിന്നീട് ആശുപത്രി വിട്ടു.
കൈകാലുകളുടെ എല്ലുകൾ പൊട്ടിയ സൈതുവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. റിയാദിൽ തന്നെയുള്ള സുഹൃത്തിന്‍റെ വീട്ടിൽ കഴിയുകയാണ് സൈതു . കാലിനേറ്റ പരിക്ക് അല്പം കൂടി ഭേദമായൽ നാട്ടിലേക്ക് തിരിക്കാനാണ് സൈതുവിന്‍റെ തീരുമാനം.  

റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മജീദ് പരപ്പനങ്ങാടി, അഷ് റഫ് വെള്ളേപ്പാടം, ദഖ്വാൻ, അനൂപ്, ബഷീർ, എയർ ഇന്ത്യാ ജീവനക്കാരായ മനോജ്, നൗഷാദ് എന്നിവർ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ