പുതുവത്സരത്തെ വരവേൽക്കാൻ ബുർജ് ഖലീഫ ഒരുങ്ങുന്നു
Thursday, November 19, 2020 9:00 PM IST
ദുബായ് : ലോകത്തിലെ തന്നെ വിസ്മയമായ ദുബായ് ബുർജ് ഖലീഫയിൽ ഇത്തവണ പുതുവത്സരാഘോഷം കെങ്കേമമാക്കും . ലൈറ്റ് , ലേസർ ഷോകളും വെടിക്കെട്ടിന്‍റെ വർണ്ണപ്രപഞ്ചവും ഒരുക്കിയാകും പുതുവത്സരദിനത്തിലേക്ക് പ്രവേശിക്കുക.

കോവിഡ് പ്രതിരോധ യജ്ഞങ്ങൾ തുടരുമ്പോഴും ദുബായിലെ പുതുവത്സരാഘോഷങ്ങൾക്കു മാറ്റ് കുറയില്ലെന്നാണ് എമ്മാർ ഡെവലപ്പേഴ്‌സ് നടത്തിയ പ്രഖ്യാപനം തെളിയിക്കുന്നത് .

പുതുവർഷ രാത്രിയിൽ ലോകം കാത്തിരിക്കുന്ന അത്യാകർഷകമായ ലൈറ്റ് - ലേസർ ഷോയും സമാനതകളില്ലാത്ത വെടിക്കെട്ടും കോവിഡ് സാഹചര്യത്തിലും മാറ്റമില്ലാതെ നടക്കുമെന്നാണ് ഇത്തവണത്തെ പ്രത്യേകത. ദുബായ് സർക്കാർ നൽകുന്ന എല്ലാ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങളും നടപ്പിലാക്കുമെന്നും എമ്മാർ വൃത്തങ്ങൾ കൂട്ടിചേർത്തു. രാത്രി 8.30 മുതൽ പരിപാടികളുടെ ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ വേദികളിലും തെർമൽ സ്കാനറുകൾ സ്ഥാപിക്കും . സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ബുർജ് ഖലീഫക്കും ദുബായ് മാളിനും ചുറ്റുമുള്ള എല്ലാ റസ്റ്ററന്‍റുകളും പ്രവർത്തിക്കും. ബുർജ് പാർക്കിൽ കുടുംബങ്ങൾക്കാണ് അനുമതി നൽകുക.പാർക്കിൽ ഫുഡ് കൗണ്ടറുകളും വമ്പൻ എൽ ഇ ഡി സ്‌ക്രീനുകളും സ്ഥാപിക്കും. ഏതു പ്രതികൂല സാഹചര്യങ്ങളിലും ലോകോത്തര സൗകര്യങ്ങളും ഉല്ലാസ പരിപാടികളും നടത്താനുള്ള ദുബായ് നഗരത്തിന്‍റെ കഴിവും കരുത്തും ലോകത്തിനു മുന്പിൽ കാഴ്ചവയ്ക്കുക എന്നതാണ് പുതുവത്സരാഘോഷത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നു എമ്മാർ സ്ഥാപകൻ മുഹമ്മദ് അൽ അബ്ബാർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള