കുവൈറ്റിൽ കാൻസർ ബോധവത്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു
Monday, November 30, 2020 6:06 PM IST
കുവൈറ്റ് സിറ്റി: സെന്‍റർ ഫോർ ഇന്ത്യ സ്റ്റഡീസ് (സിഐഎസ്-കുവൈറ്റ്) ഇന്ത്യൻ ഡോക്ടർ ഫോറം കുവൈറ്റ്, കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെ കുവൈറ്റിൽ പത്ത് ദിവസങ്ങളായി സംഘടിപ്പിക്കുന്ന "കാൻസറിനെ നന്നായി അറിയുക' എന്ന ബോധവൽക്കരണ യജ്ഞത്തിന്‍റെ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ സിബി ജോർജ് നിർവഹിച്ചു.

വിവര വിജ്ഞാന രംഗങ്ങളിൽ സ്ഫോടനാത്മകമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്ത്, ഏറ്റവും കൃത്യമായ രീതിയിൽ സമൂഹത്തിന് ശരിയായ അറിവ് നൽകേണ്ടതുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഇത്തരം ബോധവൽക്കരണ കാന്പയിനുകൾ പ്രസക്തവും പ്രാധാന്യമർഹിക്കുന്നതെന്നും ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പറഞ്ഞു.

കാൻസർ ബോധവൽക്കരണ സന്ദേശം സമൂഹത്തിൽ വ്യാപകമായി പ്രചരിപ്പിക്കേണ്ടതിനായി ലഘുലേഖ പ്രസിദ്ധീകരിക്കാനും പദ്ധതിയുമായ് ബന്ധപ്പെട്ടുള്ള സെന്‍റർ ഫോർ ഇന്ത്യ സ്റ്റഡീസ് നടത്തിയ ശ്രമങ്ങളെയും സ്ഥാനപതി പ്രശംസിച്ചു.

കോവിഡ് കാലഘട്ടത്തിൽ ഇന്ത്യൻ ഡോക്ടർമാർ കുവൈറ്റിലെ പൊതു സമൂഹത്തിനായ് ചെയ്ത സേവനങ്ങൾ, ആരോഗ്യമേഖലയിൽ തുടർന്നു കൊണ്ടിരിക്കുന്ന മികച്ച നേട്ടങ്ങൾ എല്ലാം മഹത്തരമാണെന്നു അംബാസഡർ ചൂണ്ടി കാട്ടി. ഇന്തോ-കുവൈറ്റ് ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ കഴിയുന്ന ആശയങ്ങൾക്കും ചർച്ചകൾക്കുമായി പൊതു സമൂഹം ഇന്ത്യൻ എംബസിയുമായ് നിരന്തരം ബന്ധപ്പെടണമെന്നും അംബാസഡർ സിബി ജോർജ് അഭ്യർഥിച്ചു.

വിഭീഷ് തിക്കോടിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഉദ്ഘാടന സദസിൽ കുവൈറ്റ് കാൻസർ കൺട്രോൾ സെന്‍റർ റേഡിയേഷൻ ഓങ്കോളജി ചെയർമാൻ ഡോ.സാദെക് അബു സലൂഫ്, ഇന്ത്യൻ ഡോക്ടർ ഫോറം കുവൈറ്റ് പ്രസിഡന്‍റ് ഡോ. അമീർ അഹമ്മദ് എന്നിവരെ മുഖ്യാതിഥികളായി ആദരിച്ചു. ഡോ. സാദേക് അബു സലൂഫ് കുവൈറ്റിൽ കാൻസർ ചികിത്സയ്ക്കായി ലഭ്യമായ വിവിധ സൗകര്യങ്ങളെക്കുറിച്ച് സദസിനു അവബോധം നൽകി.

കാൻസർ അവബോധം, പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ചുള്ള ലഘുലേഖ സിഐഎസ് ഉപദേശക സമിതി അംഗം ഡോ. സുരേന്ദ്ര നായക്, ഐഡിഎഫ് മുൻ അധ്യക്ഷൻ ഡോ. വിനോദ് ഗ്രോവറിന് നൽകി പ്രകാശനം ചെയ്തു . കാൻസർ ബോധവൽക്കരണ പദ്ധതിയുടെ പ്രഖ്യാപനം മണികാന്ത് വർമ്മ നിർവഹിച്ചു. തുടർന്ന് കുവൈറ്റ് കാൻസർ നിയന്ത്രണ കേന്ദ്രത്തിലെ ഡോ. ജുസൈർ അലി മുഖ്യ പ്രഭാഷണം നടത്തി. സിഐഎസ് ജനറൽ സെക്രട്ടറി ശ്രീജിത്ത് നായർ സ്വാഗതവും ജോയിൻറ്റ് സെക്രട്ടറി ബിജു നിട്ടുർ നന്ദിയും പറഞ്ഞു. സെൻട്രൽ എക്സിക്യൂട്ടിവ് അംഗം നിഷാ ദിലീപ് അവതരകയായിരുന്നു.

പത്ത് ദിവസമായി 20 ൽ പരം സാമൂഹ്യ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ബഹുജന ബോധവൽക്കരണ പരിപാടിയിൽ ഡോ. ചിത്രതാര, ഡോ. സഞ്ജയ് തിരുട്ടാൽ, ഡോ. ജിതേന്ദ്ര സേതി, ഡോ.സുസോവന സുജിത്ത്, ഡോ. ജുസർ അലി, ഡോ. മോഹൻ റാം, ഡോ. അബ്ദുൾ റഷീദ്, ഡോ. അരുൺ വാരിയർ, ഡോ. അസിത് മൊഹന്തി, ഡോ. ഡേവിഡ് കെ. സിംസൺ, ഡോ. മധു ഗുപ്ത, ഡോ. റിഫത്ത് ജെഹാൻ, ഡോ. മോഹനാനൻ നായർ, ഡോ. ജയ്ശങ്കർ, ഡോ. വരുൺ രാജൻ, ഡോ. അസിത് മൊഹന്തി എന്നിവർ കാൻസർ സംബന്ധിയായ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നയിക്കും.

ലോക മലയാളി ഫെഡറേഷൻ, അരിഹന്ത് സോഷ്യൽ ഗ്രൂപ്പ് കുവൈറ്റ്, ഭാരതീയ പ്രവാസി പരിഷത്ത് (കർണാടക വിഭാഗം), ആർട്ടിസ്റ്റിക് യോഗ ,സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ്, ബ്ലഡ്‌ ഡോണേഴ്സ് കേരള - കുവൈറ്റ്‌,തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന- ടെക്സാസ് കുവൈറ്റ്, മഹാരാഷ്ട്ര മണ്ഡൽ കുവൈറ്റ്, ബില്ലാവ സംഘ കുവൈറ്റ്,തെലുങ്ക് കല സമിതി കുവൈറ്റ്,ജമാൽ മുഹമ്മദ് കോളേജ് അലുമിനി കുവൈറ്റ് ,തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK),സാരഥി കുവൈറ്റ്,അമ്മ കുവൈറ്റ് , മലയാളി മോംമസ് മിഡിൽ ഈസ്റ്റ് (എംഎംഎംഇ) കുവൈറ്റ്, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈറ്റ്,അഞ്ജുമാൻ-ഇ-ബുർഹാനി ബോഹ്റ കമ്മ്യൂണിറ്റി കുവൈറ്റ്,സമർപ്പൺ കുവൈറ്റ്, തമിഴ് കമ്മ്യൂണിറ്റി അസോസിയേഷൻ കുവൈറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് സിഐഐസ് കുവൈറ്റ് പരിപാടി സംഘടിപ്പിക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ