കുവൈറ്റിൽ പൊതുമാപ്പ്; താത്കാലിക യാത്രാ രേഖകൾക്ക് ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യണം
Friday, December 4, 2020 8:29 PM IST
കുവൈറ്റ് സിറ്റി: താമസ രേഖ കാലാവധി കഴിഞ്ഞ വിദേശികൾക്ക് പിഴ അടച്ച് മാതൃ രാജ്യങ്ങളിലേക്ക് മടങ്ങുവാൻ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പിന്‍റെ ഭാഗമായി ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവർക്ക് അടിയന്തര സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള യാത്രാ രേഖകൾ വിതരണം ചെയ്യുമെന്ന് എംബസി അധികൃതർ അറിയിച്ചു. രേഖകൾ ലഭിക്കുന്നതിനായി ഫോണിലൂടെയോ ഇമെയിലിലൂടയോ ബന്ധപ്പെടാമെന്ന് എംബസ്സി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച ഇളവുകൾക്ക് അർഹരായ ഇന്ത്യക്കാരെയാണ് അടിയന്തരമായി പരിഗണിക്കുക. ഇതിനായി എംബസിയിൽ താൽക്കാലികമായി തയ്യാറാക്കിയ കൗണ്ടറിൽ അപേക്ഷകൾ സമർപ്പിക്കണം.നേരത്തെ റജിസ്റ്റർ ചെയ്തവരെയും താൽകാലിക യാത്രാ രേഖകൾ കരസ്ഥമാക്കിയവരേയും എംബസി ബന്ധപ്പെടുന്നുണ്ട്. ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് എംബസിയിൽ സ്ഥാപിച്ച ഹെൽപ് ഡെസ്കിൽ നിന്നും ലഭിക്കുമെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

വിവരങ്ങൾക്ക്: 65806158, 65806735, 65807695, 65808923, 65809348 ഹെല്‍പ് ലൈന്‍ നമ്പറുകളിലും [email protected] ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം.

റിപ്പോർട്ട്: സലിം കോട്ടയിൽ