സംസ്ഥാന ബജറ്റ്; പ്രവാസികൾക്കും കേരളത്തിനും പുതുവർഷ സമ്മാനം: നവോദയ റിയാദ്
Friday, January 15, 2021 6:01 PM IST
റിയാദ്: ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിൽ പ്രവാസികളുടെ ക്ഷേമനിധി 3500 രൂപയായി വർധിപ്പിച്ച നടപടി പ്രവാസികളുടെ സ്വന്തം സർക്കാരെന്ന പേര് ഇടതുപക്ഷ സർക്കാർ അന്വർത്ഥമാക്കിയിരിക്കുകയാണ്. പ്രവാസികളുടെ ഏകോപിത തൊഴിൽ പദ്ധതിക്ക് 100 കൂടി രൂപയും മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് 30 കോടിയും പ്രവാസി പുനഃരധിവാസപദ്ധതിക്ക് 100 കോടി രൂപയും വകയിരുത്തുമെന്ന് ബജറ്റ് ഉറപ്പുനൽകുന്നു.

കേരളത്തെ ഒരു ആധുനിക ഡിജിറ്റൽ സമൂഹമായി ഉയർത്തുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ്. സമൂഹത്തിന്‍റെ എല്ലാ മേഖലയിലുടേയും സമഗ്ര വികസനം ബജറ്റ് വിഭാവനം ചെയ്യുന്നു. സാമൂഹ്യക്ഷേമ പെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ചതും കാർഷിക മേഖലയുടെ ഉത്തേജനത്തിനുള്ള വിവിധ പദ്ധതികളും കെ ഫോൺ പദ്ധതിയും എല്ലാ വീട്ടിലും ലാപ്ടോപ്പ് നൽകുമെന്ന് വാഗ്ദാനവും ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളത്തെ ഉയർത്തുമെന്നതും ഉന്നത വിദ്യഭ്യാസ വളർച്ച ലക്ഷ്യമിട്ടുളള വിവിധ പദ്ധതികളും ഈ ബജറ്റിനെ ഒരു ജനകീയ ബജറ്റാക്കി മാറ്റുന്നതാണെന്നും നവോദയ റിയാദ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.