യാത്ര മുടങ്ങിയവര്‍ക്ക് മുഴുവൻ തുകയും റീഫണ്ട് നൽകാൻ നിർദ്ദേശം നൽകി സിവില്‍ ഏവിയേഷന്‍
Saturday, January 23, 2021 2:35 AM IST
കുവൈറ്റ് സിറ്റി : വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് മുഴുവൻ തുകയും റീഫണ്ട് നൽകാൻ സിവില്‍ ഏവിയേഷന്‍ നിർദ്ദേശം നൽകി . അതിതീവ്ര കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 ഡിസംബർ 21 മുതൽ 2021 ജനുവരി 1 വരെയാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരുന്നത്. ഈ കാലയളവിൽ ടിക്കറ്റെടുത്ത യാത്രക്കാർക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ എയർലൈൻസിനും ട്രാവൽ, ടൂറിസം ഏജൻസികള്‍ക്കും നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

തുക തിരിച്ചു നൽകുകയോ ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാവുന്ന തരത്തിൽ ക്രെഡിറ്റ് സംവിധാനം ഒരുക്കുകയോ ചെയ്യണം. ട്രാവൽ ഏജന്‍റുമാർ മുഖേന ബുക്ക് ചെയ്ത ടിക്കറ്റ് ചാർജുകൾ ഏജന്‍റുമാരിൽ നിന്നു തന്നെ തിരികെ ലഭിക്കും. നിബന്ധനകള്‍ക്ക് വിധേയമായി പരമാവധി 10 ദിനാര്‍ വരെ ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്ക് ഈടാക്കാമെന്ന് നിര്‍ദ്ദേശത്തിലുണ്ട്.

തീരുമാനം നടപ്പിലാക്കുവാന്‍ ഫെബ്രുവരി 13 വരെ എയർലൈൻസ്, ട്രാവൽ, ടൂറിസം ഏജൻസികൾക്ക് സിവില്‍ ഏവിയേഷന്‍ സമയപരിധി അനുവദിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിസിഎ മുന്നറിയിപ്പ് നല്‍കി.

റിപ്പോർട്ട്: സലിം കോട്ടയിൽ