ദുബായിൽ കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ റമദാൻ വരെ ദീർഘിപ്പിച്ചു
Friday, February 26, 2021 9:03 PM IST
ദുബായ്: രാജ്യത്തു തുടരുന്ന കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ റമദാൻ ആരംഭിക്കുന്നതുവരെ ദീർഘിപ്പിച്ച് ദുബായ് ഭരണകൂടം വെള്ളിയാഴ്ച ഉത്തരവിറക്കി. ഫെബ്രുവരി ആദ്യം മുതൽ തുടരുന്ന കർശന സുരക്ഷാ നിർദേശങ്ങളാണ് ഏപ്രിൽ പകുതിയിലേക്ക് നീട്ടാൻ തീരുമാനിച്ചത്. രാജ്യത്തെ മരണ സംഖ്യയിലുള്ള വർധനവും കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർധനവുമാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ അധികൃതരെ പ്രേരിപ്പിച്ചതെന്നുവേണം കരുതാൻ.

ഇതനുസരിച്ച് പബ്ബുകൾ, ബാറുകൾ എന്നിവ അടഞ്ഞുകിടക്കും. സിനിമ, വിനോദ, കായിക വേദികൾ ഉൾപ്പെടെയുള്ള ഇൻഡോർ വേദികൾ പരമാവധി ശേഷിയുടെ 50 ശതമാനത്തിലും ശക്തമായ മുൻകരുതൽ നടപടികളോടെയും പ്രവർത്തിക്കുന്നത് തുടരും. റസ്റ്ററന്‍റുകളും കഫേകളും പുലർച്ചെ 1 മണിയോടെ അടയ്‌ക്കും. ഷോപ്പിംഗ് മാളുകളിൽ സന്ദർശകരെ അനുവദിക്കും. നീന്തൽക്കുളങ്ങളിലെയും ഹോട്ടലുകളിലെ സ്വകാര്യ ബീച്ചുകളിലെയും അതിഥികളെ മൊത്തം ശേഷിയുടെ 70 ശതമാനമായി പരിമിതപ്പെടുത്തും.

ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നേതൃത്വത്തിൽ ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നടത്തിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.