അബുദാബി റെഡ് എക്സ് മീഡിയ ഓഫീസിന്‍റെയും സ്റ്റുഡിയോ കോംപ്ലക്സിന്‍റെയും പ്രവർത്തനം ആരംഭിച്ചു
Wednesday, March 3, 2021 10:57 PM IST
അബുദാബി: യുഎഇയിലെ പ്രമുഖ മീഡിയ പ്രൊഡക്ഷൻ കന്പനിയായ റെഡ് എക്സ് മീഡിയയുടെ പുതിയ ഓഫീസിന്‍റെയും സ്റ്റുഡിയോ കോംപ്ലക്സിന്‍റെയും പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറാണ് നവീകരിച്ച പ്രൊഡക്ഷൻ യൂണിറ്റിന്‍റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത്. സായിദ് തീയറ്റർ ഫോർ ടാലെന്‍റ് ആൻഡ് യൂത്ത് ഡയറക്ടർ ഫദിൽ സലേഹ് അൽ തമിമി സ്റ്റുഡിയോ ലോഞ്ച് നിർവഹിച്ചു.

അബുദാബി സലാം സ്ട്രീറ്റിൽ ശ്രീലങ്കൻ എംബസിക്കു സമീപമായാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വാർത്ത ചാനൽ രംഗത്തു സജീവ സാന്നിധ്യമായി മാറിയ അബുദാബി 24 സേവൻ ചാനലിന്‍റെ ഓഫീസും ഇനി മുതൽ പുതിയ കോംപ്ലക്സിലാകും പ്രവർത്തിക്കുക.

ഇന്ത്യൻ ഇസ്ലാമിക്ക് സെന്‍റർ പ്രസിഡന്‍റ് പി. ബാവാഹാജി, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ബിസിനസ് റിലേഷൻസ് ഹെഡ് അജിത് ജോണ്‍സണ്‍, അഹല്യ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഓഫീസ് മാനേജർ സൂരജ് പ്രഭാകർ , മുഷ്രിഫ് മാൾ മാനേജർ അരവിന്ദ് രവി, ലൈത് ഇലക്ട്രോ മെക്കാനിക്കൽ സിഇഒ ഫ്രാൻസിസ് ആന്‍റണി, അബുദാബി ഇന്ത്യ സോഷ്യൽ സെന്‍റർ ജനറൽ സെക്രട്ടറി ജോജോ അന്പൂക്കൻ, മലയാളി സമാജം ആക്ടിംഗ് പ്രസിഡന്‍റ് സലിം ചിറക്കൽ, സാമൂഹിക പ്രവർത്തകൻ എം.എം നാസർ കാഞ്ഞങ്ങാട്, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്‍റ് റാഷിദ് പൂമാടം, ലുലു ഗ്രൂപ്പ് പ്രതിനിധികളായ ബിജു കൊട്ടാരത്തിൽ, ബിജു നായർ തുടങ്ങി സാമൂഹ്യ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ആധുനിക സാങ്കേതിക മികവോടെ, നവീന പദ്ധതികളുമായി റെഡ്സ് മീഡിയ ആൻഡ് എവെന്‍റ് മാനേജ്മെന്‍റ് യുഎഇയിൽ ഉടനീളം സജീവമാകുമെന്ന് റെഡ് എക്സ് മീഡിയ മാനേജിംഗ് ഡയറക്ടർ ഹനീഫ് കുമാരനെല്ലൂർ അറിയിച്ചു. 1500 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ വിശാലമായ ക്രോമോ ഫ്ലോർ,750 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ മിനി ക്രോമോ ഫ്ളോാർ എന്നിവ പുതിയ സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്. സിനിമക്കായുള്ള ഡബിംഗ് ബൂത്തു, സോംഗ്സ് റെക്കോർഡിംഗ് സ്റ്റേഷൻ എന്നിവയും ഒരുക്കിയിട്ടുണ്ട്. 22 എഡിറ്റിംഗ് സ്യൂട്ടും, 5 ഗ്രാഫിക്സ് സൂട്ടും ഉൾപ്പെടുന്നതാണ് പ്രൊഡക്ഷൻ യൂണിറ്റ്. ലൈവ് സ്പോട്ട് എഡിറ്റിംഗ്, ഡ്രോണ്‍ വിഷ്വൽസ് എന്നീ രംഗങ്ങളിൽ ശ്രദ്ധനേടിയ പ്രൊഡക്ഷൻ ഹൗസാണ് റെഡ് എക്സ്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള