ഇന്ത്യയിൽ ഹൈഡ്രജൻ ഊർജോത്പാദന രംഗത്ത് പര്യവേക്ഷണം നടത്താൻ അബുദാബി ഓയില്‍ കമ്പനി
Sunday, April 18, 2021 3:41 PM IST
അബുദാബി : ഇന്ത്യയിൽ ഹൈഡ്രജൻ ഊർജോത്പാദന രംഗത്ത് പര്യവേക്ഷണം നടത്താൻ താൽപ്പര്യം അറിയിച്ചു അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയായ അഡ്‌നോക് മുൻപോട്ടു വന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പെട്രോളിയം ഇന്‍ഡസ്ട്രിയുടെയും ഇന്ത്യയിലെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്‍റേയും സഹകരണത്തോടെ എനര്‍ജി ഫോറം സംഘടിപ്പിച്ച വെര്‍ച്വല്‍ ഹൈഡ്രജന്‍ റൗണ്ട്‌ടേബിളിന്‍റെ ഉന്നതതല മിനിസ്റ്റീരിയല്‍ സെഷനിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യകതയെയും ശുദ്ധമായ ഇന്ധനങ്ങളുടെ ആവശ്യകതയെയും പരിഗണിച്ച് അബുദാബി നാഷണല്‍ ഓയില്‍ കമ്പനി , ഇന്ത്യയുടെ പൊതു, സ്വകാര്യ മേഖലകളിൽ ഹൈഡ്രജന്‍ വിപണി പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യവസായ, നവ സാങ്കേതിക മന്ത്രിയും അഡ്നോക്കിന്റെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍ പറഞ്ഞു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ സാമ്പത്തിക ബന്ധം കൂടുതല്‍ ബലപ്പെടുത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഊര്‍ജ്ജമേഖലയില്‍ ഇന്ത്യയുടെ ആവശ്യം വളരുകയാണെന്നും , തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ വിഭാഗവും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കി ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാന്‍ തയ്യാറാണെന്നും അഡ്‌നോക് മേധാവി പറഞ്ഞു. നിലവിലെ വ്യാവസായിക പ്രക്രിയകളുടെ ഭാഗമായി അഡ്‌നോക് പ്രതിവര്‍ഷം 300,000 ടണ്‍ ഹൈഡ്രജനാണു നിലവിൽ ഉൽപ്പാദിപ്പിക്കുന്നത്.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള