അബുദാബി ക്വാറന്‍റൈൻ നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ചേക്കും
Monday, May 17, 2021 11:58 AM IST
അബുദാബി: ക്വാറന്‍റൈൻ നിബന്ധനകളിൽ ഇളവ് പ്രഖ്യാപിക്കാൻ സാധ്യതയെന്നു റിപ്പോർട്ട് . ജൂലൈ ഒന്ന് മുതൽ അബുദാബിയിലെ വിനോദ സഞ്ചാര പരിപാടികൾ സജീവമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ക്വാറന്റൈനിൽ ഇളവ് വരുത്തുന്നതിന് സാധ്യത തെളിഞ്ഞിരിക്കുന്നത്.

കൂടുതൽ അന്തരാഷ്ട്ര വിനോദ സഞ്ചാരികളെ അബുദാബിയിലെത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. നിലവിൽ ഗ്രീൻ കൺട്രി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് മാത്രമാണ് ക്വാറന്റൈൻ നിബന്ധനയിൽ ഇളവ് നൽകിയിരിക്കുന്നത്. അന്തരാഷ്ട്ര യാത്രക്കാരെ ക്വാറന്റൈൻ ഒഴിച്ചുള്ള മറ്റു ചില വ്യവസ്ഥകളോടെയാകും അബുദാബി എമിറേറ്റ് സ്വീകരിക്കുകയെന്നു വിനോദ സഞ്ചാര സാംസ്ക്കാരിക വകുപ്പിന് കീഴിലുള്ള മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർ അൽ അൽ ഷൈബ അറിയിച്ചിരിക്കുന്നത്. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൽ ഷൈബ .എന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റൈൻ നിബന്ധനയിൽ ഇപ്പോൾ ഇളവ് ലഭിക്കാൻ സാധ്യതയില്ല . കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്നും ഇന്ത്യ മോചിതയാകുന്ന മുറക്ക് ക്വാറന്റൈനിൽ ഇളവ് നല്കിയേക്കുമെന്നാണ് സൂചന. അബുദാബിയിലെ വിനോദ സഞ്ചാര പരിപാടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചന നൽകി. ഇതനുസരിച്ചു പരിപാടികളിലും , സംഗമങ്ങളിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കുറയ്ക്കും. കോവിഡ് വ്യാപനം നിയന്ത്രിച്ച രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് ഒരു പി സി ആർ ടെസ്റ്റ് മാത്രമാകും ബാധകമാകുക . ഇന്ത്യയിൽ നിന്നുള്ള യാത്ര നിരോധനം യു എ ഇ യിലെ വിനോദ സഞ്ചാര വിപണിയിൽ സൃഷ്ടിച്ചിരിക്കുന്ന ആഘാതത്തെക്കുറിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും ഇന്ത്യയിലെ സ്ഥിതിഗതികൾ കണക്കിലെടുത്തു നടപടികൾ സ്വീകരിക്കാനാണ് തീരുമാനമെന്നും അൽ ഷൈബ അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള