ഷാർജ സെന്‍റ് മൈക്കിൾ ദൈവാലയത്തിൽ ദുക്റാന തിരുനാൾ ജൂലൈ മൂന്ന് വരെ
Thursday, June 24, 2021 3:14 PM IST
ഷാർജ: ഭാരതത്തിന്‍റെ അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ഓർമ തിരുനാൾ സെന്‍റ് മൈക്കിൾ കത്തോലിക്കാ ദേവാലയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തപ്പെടുന്നു. ജൂൺ 24 ന് ഇടവക വികാരി ഫാ. മുത്തുവിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന കൊടിയേറ്റോടെ തിരുനാൾ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. കൊടിയേറ്റിനോടനുബന്ധിച്ച് ഫാ. ജോസ് വട്ടുകുളത്തിന്റെയും ഫാ. അരുൺ രാജിന്റെയും നേതൃത്വത്തിൽ ദിവ്യബലി ഉണ്ടായിരിക്കും. ജൂലൈ മൂന്ന് വരെ എല്ലാ ദിവസവും ദേവാലയ മുറ്റത്ത് നൊവേന ഉണ്ടായിരിക്കും.

മുഖ്യ തിരുനാൾ ദിവസമായ ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് ഫാ. അലക്സ് വാച്ചാപറമ്പിലിന്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലിയും തുടർന്ന് ഫാ. പീറ്റർ പി എം നയിക്കുന്ന വചന പ്രസംഗവുമുണ്ടായിരിക്കും. ജൂലൈ ഒന്ന്, രണ്ട് ദിവസങ്ങളിൽ ഫാ. വർഗീസ് കോഴിപ്പാടൻ, ഫാ അനൂപ് പൗലോസ് എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക കുർബാനകൾ അർപ്പിക്കുന്നതാണ്.

അധികാരികൾ നൽകുന്ന മാർഗ നിർദേശമനുസരിച്ച് കൃത്യ അകലം പാലിച്ച് ദൈവാലയത്തിലും പാരീഷ് ഹാളിലും മറ്റുമായായിരിക്കും തിരുനാൾ പരിപാടികൾ നടത്തുക എന്ന് ഫാ ജോസ് വട്ടുകുളത്തിൽ അറിയിച്ചു. ദൈവാലയത്തിൽ എത്തി തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻസാധിക്കാത്ത കൊച്ചു കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി തിരുനാൾ ദിവസങ്ങളിൽ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുമെന്നും അച്ചൻ അറിയിച്ചു.

മലയാളം പാരീഷ് കമ്മിറ്റിയും ഇടവകയിലെ സീറോ മലബാർ സമൂഹവും സംയുക്തമായാണ് മാർതോമാ ശ്ലീഹായുടെ ഓർമ്മ പുതുക്കുന്ന ദുക്റാന തിരുന്നാൾ ആഘോഷിക്കുന്നത് .