വാക്സിന്‍ എടുക്കാത്തവര്‍ക്ക് മാളുകളില്‍ പ്രവേശനമില്ല; പ്രവേശന കവാടങ്ങളില്‍ സൈന്യത്തെ നിയോഗിക്കും
Thursday, June 24, 2021 4:27 PM IST
കുവൈറ്റ് സിറ്റി : സമ്പൂര്‍ണമായി വാക്സിനെടുത്തവര്‍ക്കായി മാത്രമായി മാളുകളില്‍ പ്രവേശനം പരിമിതപ്പെടുതിയതോടെ ഞായറാഴ്ച മുതല്‍ വ്യാപര സമുച്ചയങ്ങളില്‍ സൈന്യത്തെ നിയോഗിക്കുമെന്ന് ആരോഗ്യ സമിതി ഡെപ്യൂട്ടി ചെയർമാൻ അഹമ്മദ് അൽ മൻഫൗഹി അറിയിച്ചു .

കഴിഞ്ഞ ദിവസമാണ് കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആറായിരം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മാളുകള്‍, റെസ്റ്റോറന്‍റുകൾ, കഫേകൾ, ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ എന്നീവിടങ്ങളില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായി പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്.മാളുകളിലും റെസ്റ്റോറന്റുകളിലും ഹെൽത്ത് ക്ലബ്ബുകളിലും സലൂണുകളിലും സർക്കാർ ഏജൻസികളുടെ ഫീൽഡ് ടീമുകൾ പരിശോധനകള്‍ നടത്തും. കുവൈത്ത് മൊബൈല്‍ ഐഡി വഴിയോ ആരോഗ്യ മന്ത്രാലയത്തിന്റെ മന്ന ആപ്പ് വഴിയോ വാക്സിനേഷന്‍ വിവരങ്ങള്‍ ഫീൽഡ് ടീമുകൾക്ക് കാണിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ആദ്യ ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മഞ്ഞ കളറും രണ്ട് ഡോസ് എടുത്തവര്‍ക്ക് പച്ച കളറും വാക്സിന്‍ എടുത്തവര്‍ക്ക് ചുവപ്പ് കളറുമാണ് മൊബൈല്‍ ആപ്പില്‍ കാണിക്കുക. രാജ്യത്തെ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പരിശോധന ടീമുകളുമായി എല്ലാവരും സഹകരിക്കണമെന്നും അഹമ്മദ് അൽ മൻഫൗഹി അഭ്യര്‍ഥിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ