കുവൈറ്റിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ആശുപത്രികളില്‍ തിരക്ക് കൂടുന്നു
Thursday, June 24, 2021 4:38 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് പ്രതിദിന കൊറോണ കേസുകള്‍ കൂടുന്നത് ആശുപത്രികളില്‍ തിരക്ക് വര്‍ദ്ധിപ്പിക്കുന്നതായി ആരോഗ്യ മന്ത്രാലയം വാക്സിനേഷൻ കമ്മിറ്റി അംഗം ഡോ. ഖാലിദ് അൽ സയീദ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചലേറെയായി വന്‍ വര്‍ധനയാണ് കോവിഡ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാക്സിനേഷൻ കാമ്പയിൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും ജീവനക്കാർക്ക് അവരുടെ ജോലി സ്ഥലങ്ങളിലെത്തി കുത്തിവയ്പ്പ് നൽകുന്നണ്ടെങ്കിലും കേസുകള്‍ കൂടുന്നത് ആശങ്കക്ക് ഇട നല്‍കിയിട്ടുണ്ട്. ഇപ്പോയത്തെ സാഹചര്യത്തില്‍ വാക്സിനേഷന്‍ മാത്രമാണ് കോവിഡിനെതിരെയുള്ള പ്രതിരോധ മാര്‍ഗ്ഗമെന്നും രാജ്യത്തെ എല്ലാവരും വാക്സിനേഷന്‍ സ്വീകരിക്കണമെന്നും ഖാലിദ് അൽ സയീദ് പറഞ്ഞു.

രോഗികളുടെ തിരക്ക് നാൾക്കു നാൾ കൂടുന്ന സാഹചര്യത്തില്‍ കര്‍ശനമായ പ്രതിരോധ നിയന്ത്രണങ്ങളാണ് ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്നത്. അതിനിടെ കുവൈറ്റിലെ ആരോഗ്യസംവിധാനം സുസ്ഥിരമാണെന്ന് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബ പറഞ്ഞു. രാജ്യത്തെ കൊവിഡ് സാഹചര്യം പതിവായി വിലയിരുത്തുകയും റിപ്പോര്‍ട്ട് കൊറോണ എമര്‍ജന്‍സി കമ്മിറ്റിക്ക് മന്ത്രാലയം സമര്‍പ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.മറ്റൊരു തംരഗത്തിന്റെ സാധ്യതകളെക്കുറിച്ച് വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഒരു വര്‍ഷത്തിലേറെയായി ആരോഗ്യസംവിധാനം തകരാതെ സംരക്ഷിക്കാന്‍ കുവൈറ്റിനായതായി മന്ത്രി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ