യാത്രാ നിരോധനത്തിൽ ഇളവ് വരുത്തി യുഎഇ; ഓഗസ്റ്റ് 5 മുതൽ യാത്ര തുടങ്ങാം
Tuesday, August 3, 2021 9:11 PM IST
അബുദാബി : കാലാവധി കഴിയാത്ത താമസവീസയുളള യുഎഇ അംഗീകരിച്ച വാക്സിനെടുത്തവർക്ക് രാജ്യത്തേക്ക് തിരികെയെത്താമെന്ന് യുഎഇ. കോവി‍ഡ് വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിൽ നിന്നടക്കമുള്ള താമസ വീസക്കാർക്കാണ് ഈ മാസം 5 മുതൽ യുഎഇയിലേയ്ക്ക് മടങ്ങിവരാനുള്ള അർഹത. പുതിയ നിയമം ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്കാണ് ഗുണകരമാകുക.

യുഎഇ ദേശീയ ദുരന്ത നിവാരണ സമിതിയാണ് യാത്ര നിരോധനത്തിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ കൂടാതെ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇതിന്‍റെ ആനുകൂല്യം ലഭിക്കും.

യുഎഇ അംഗീകരിച്ച ഏതെങ്കിലും ഒരു കോവിഡ് വാക്സിന്‍റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്കാണ് നിലവിൽ പ്രവേശനാനുമതി ഉള്ളത്. ഫൈസർ ബയോഎൻടെക്, ഓക്സ്‌ഫഡ് ആസ്ട്രസെനിക അല്ലെങ്കിൽ കോവിഷീൽഡ്, സിനോഫാം, സ്പുട്‌നിക്, മോഡേണ എന്നിവയാണ് യുഎഇ അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ.

ആരോഗ്യ മേഖലയിലെ ഡോക്ട്ടർ ,നഴ്‌സ്,ടെക്‌നിഷ്യൻ തുടങ്ങിയ ജോലികളിൽ ഉള്ളവർ , യൂണിവേഴ്സിറ്റി , കോളജ് , സ്‌കൂൾ എന്നിവയടക്കം വിദ്യാഭ്യാസ മേഖലയിലുള്ളവർ . യു എ ഇ യിൽ പഠിക്കുന്ന വിദ്യാർഥികൾ , മാനുഷിക പരിഗണനായർഹിക്കുന്ന വീസ കാലാവധിയുള്ളവർ , ഫെഡറൽ , പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ, യു എ ഇ യിൽ തിരികെ എത്തി ചികിത്സ പൂർത്തിയാക്കേണ്ട സാഹചര്യത്തിൽ ഉള്ളവർ എന്നിവർക്ക് വാക്‌സിൻ എടുത്തിട്ടില്ലെങ്കിലും മടങ്ങി വരുന്നതിനു അനുമതി നൽകിയിട്ടുണ്ട്.

തിരികെ വരുന്നവർ ഐസിഎ അനുമതി തേടിയിരിക്കണം. വാക്‌സിൻ എടുത്തവർ സർട്ടിഫിക്കറ്റ് കരുതണം . 48 മണിക്കൂർ മുൻപ് എടുത്ത പി സി ആർ പരിശോധന ഫലം , വിമാനത്താവളത്തിൽ നിന്നും എടുത്ത റാപിഡ് പരിശോധന ഫലം എന്നിവ ആവശ്യമാണ്. യു എ ഇ യിലെത്തിയാൽ പി സി ആർ പരിശോധന എടുക്കും. തുടർന്ന് ക്വാറന്‍റൈനിൽ പ്രവേശിക്കണം. എന്നാൽ എത്ര ദിവസം ക്വാറന്‍റൈൻ എന്ന് വ്യക്തമാക്കിയിട്ടില്ല.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള